തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന നടപടികൾ സ്വീകരിക്കില്ലെന്ന് സര്‍ക്കാര്‍

സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

Update: 2020-02-10 06:00 GMT

തിരുവനന്തപുരം: വീടില്ലാത്ത പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് പദ്ധതിയുടെ ഭാഗമായുള്ള വീട് നിര്‍മാണം ത്വരിതഗതിയില്‍ നടന്നുവരികയാണെന്ന് സർക്കാർ. ഇത്തരമൊരു ഘട്ടത്തില്‍ തീരദേശ മേഖലയില്‍ താമസിക്കുന്നവരെ പ്രതികൂലമായി ബാധിക്കുന്ന ഒരു നടപടിയും സ്വീകരിക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് വേണ്ടി മന്ത്രി ഇ പി ജയരാജൻ നിയമസഭയിൽ അറിയിച്ചു. ടി ജെ വിനോദിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

1991-ല്‍ തീരദേശ മേഖലാ നിയന്ത്രണ വിജ്ഞാപനം (CRZ നോട്ടിഫിക്കേഷന്‍) രാജ്യത്ത് നിലവില്‍ വന്നെ ങ്കിലും തീരദേശ പരിപാലന പ്ലാന്‍ (Map) സംസ്ഥാനത്ത് പ്രാബല്യത്തില്‍ വന്നത് 27.09.1996-ല്‍ മാത്രമാണ്. CRZ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തിക്കൊണ്ട് 06.01.2011-ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാല്‍, പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച് കേരളത്തില്‍ നിലവില്‍ വന്നത് എട്ടുവര്‍ഷങ്ങള്‍ക്കുശേഷം 28.02.2019-ല്‍ മാത്രമാണ്. നിയന്ത്രണങ്ങള്‍ക്കുള്ള ദൂരപരിധിയുടെ കാര്യത്തില്‍ 1991-ലെയും 2011-ലെയും വിജ്ഞാപനങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലായിരുന്നു.

18.01.2019 ല്‍ ദൂരപരിധിയില്‍ ഇളവ് വരുത്തിക്കൊണ്ട് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു എങ്കിലും പ്രസ്തുത വിജ്ഞാപനത്തിലെ 6 (1) വ്യവസ്ഥ പ്രകാരം സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് മാത്രമേ പുതിയ വിജ്ഞാപനത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാകൂ എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതുവരെ 2011 ലെ CRZ വ്യവസ്ഥകളും അതുപ്രകാരമുള്ള തീരദേശ പരിപാലന പ്ലാനുമായിരിക്കും സംസ്ഥാനത്ത് ബാധകമാകുന്നത്.

2019 ലെ വിജ്ഞാപന പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ തയ്യാറാക്കുന്നതിന് ദേശീയ ഭൗമശാസ്ത്ര പഠന കേന്ദ്രത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തീരദേശ പരിപാലന പ്ലാന്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഈ രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് വലിയൊരളവില്‍ പരിഹാരമാകും. സംസ്ഥാന തീരദേശ പരിപാലന പ്ലാന്‍ ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചുവരികയാണ്.

കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത്  CRZ നോട്ടിഫിക്കേഷന്‍ 2019 പ്രകാരമുള്ള തീരദേശ പരിപാലന പ്ലാന്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതുവരെ 2019ലെ CRZ നോട്ടിഫിക്കേഷനിലെ CRZ III- A  യും സമഗ്ര ദ്വീപ് പരിപാലന പദ്ധതിയും ഒഴികെയുള്ള വ്യവസ്ഥകള്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്നതിന് വിജ്ഞാപനത്തിലെ വ്യവസ്ഥകളില്‍ ഇളവ് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുവാദം തേടുമെന്നും മന്ത്രി അറിയിച്ചു. 

Tags:    

Similar News