നെടുങ്കണ്ടം കസ്റ്റഡി മരണം: ആഗസ്ത് 31 നു മുമ്പ് ജസ്റ്റിസ് കെ നാരായണകുറുപ്പ് കമ്മീഷന്‍ മുമ്പാകെ തെളിവുകള്‍ നല്‍കാം

സംഭവത്തെപ്പറ്റി തങ്ങള്‍ക്ക് അറിവുളള വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ച് സത്യവാങ്മൂലമോ പത്രികയോ നിര്‍ദ്ദേശങ്ങളോ നല്‍കാം. കമ്മീഷന്‍ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്നവര്‍ കാര്യകാരണ സഹിതം സത്യവാങ്മൂലം അപേക്ഷയും കമ്മീഷന്‍ സെക്രട്ടറിക്ക് ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ, അഭിഭാഷകര്‍ മുഖേനയോ സമര്‍പ്പിക്കണം.സത്യവാങ്മൂലം, പത്രിക, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന വ്യക്തികള്‍ അതോടൊപ്പം അവര്‍ ആശ്രയിക്കുന്ന രേഖകളുടെയും അവര്‍ വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങള്‍ കാണിക്കുന്ന പട്ടികയും നല്‍കണം

Update: 2019-08-05 12:13 GMT

കൊച്ചി:നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ഹൈക്കോടതി ജഡ്ജി കെ നാരായണക്കുറുപ്പ് കമ്മീഷന്‍ മുമ്പാകെ ആഗസ്ത് 31 ന് മുമ്പായി തെളിവുകള്‍ നല്‍കാമെന്ന് വ്യക്തമാക്കി ഉത്തരവ് പുറത്തിറങ്ങി.അന്വേഷണ വിധേയമായ കാര്യങ്ങില്‍ അറിവും താല്‍പര്യവും ഉളളവരും അവ സംബന്ധിച്ച് ഫലപ്രദമായ വിവരങ്ങളെപ്പറ്റി തെളിവു നല്‍കാന്‍ കഴിവുളളവരുമായ വ്യക്തികള്‍, സാമൂഹിക, രാഷ്ട്രീയ പ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, സംഘടനകള്‍ എന്നിവര്‍ക്കും ഇത് കൂടാതെ രാജ്കുമാറിന്റെ ബന്ധുമിത്രാദികകള്‍ക്കും സംഭവത്തെപ്പറ്റി തങ്ങള്‍ക്ക് അറിവുളള വിഷയങ്ങള്‍ ഉള്‍ക്കൊളളിച്ച് സത്യവാങ്മൂലമോ പത്രികയോ നിര്‍ദ്ദേശങ്ങളോ നല്‍കാം. വിശദാംശങ്ങള്‍ ഫോണ്‍, ഇ-മെയില്‍ എന്നിവ സഹിതം ജസ്റ്റിസ് കെ നാരായണകുറുപ്പ് അന്വേഷണ കമ്മീഷന്‍, ഒഎസ് നമ്പര്‍ 27, ജിസിഡിഎ ഷോപ്പിംഗ് കോംപ്ലക്‌സ്, മറൈന്‍ ഡ്രൈവ്, എറണാകുളം, കൊച്ചി-682031 വിലാസത്തില്‍ തപാലിലോ ഇ-മെയിലായോ ആഗസ്റ്റ് 31-നുളളില്‍ അയക്കാം.

കമ്മീഷന്‍ നടപടികളില്‍ കക്ഷിചേരാന്‍ ആഗ്രഹിക്കുന്നവര്‍ കാര്യകാരണ സഹിതം സത്യവാങ്മൂലം അപേക്ഷയും കമ്മീഷന്‍ സെക്രട്ടറിക്ക് ആഗസ്റ്റ് 31 ന് വൈകിട്ട് അഞ്ചിനകം നേരിട്ടോ, അധികാരപ്പെടുത്തിയ ഏജന്റ് മുഖേനയോ, അഭിഭാഷകര്‍ മുഖേനയോ സമര്‍പ്പിക്കണം.സത്യവാങ്മൂലം, പത്രിക, നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്ന വ്യക്തികള്‍ അതോടൊപ്പം അവര്‍ ആശ്രയിക്കുന്ന രേഖകളുടെയും അവര്‍ വിസ്തരിക്കാന്‍ ഉദ്ദേശിക്കുന്ന സാക്ഷികളുടെയും വിശദാംശങ്ങള്‍ കാണിക്കുന്ന പട്ടികയും നല്‍കണം. അവര്‍ ആശ്രയിക്കാനുദ്ദേശിക്കുന്ന രേഖയുടെ കഴിയുന്നതും അത് അസലോ, ശരി പകര്‍പ്പോ ഹാജരാക്കണം. ആശ്രയിക്കാന്‍ ഉദ്ദേശിക്കുന്ന രേഖ ഏതെങ്കിലും വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ കൈവശമാണെങ്കില്‍ അത്തരത്തിലുളള കൈവശക്കാരന്റെ പേരും വിലാസവും കാണിച്ചിരിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

1952 ലെ അന്വേഷണ കമ്മീഷന്‍ നിയമത്തിലെ ആറാം വകുപ്പ് പ്രകാരം കമ്മീഷന്‍ മുമ്പാകെ തെളിവുനല്‍കുന്നതിനിടയില്‍ ഒരു വ്യക്തി നടത്തുന്ന പ്രസ്ഥാവന, ആ പ്രസ്താവന അസത്യമാണെങ്കില്‍ അതിനെതിരെ ഉണ്ടാകാവുന്ന പ്രോസിക്യൂഷനൊഴികെ അയാളെ മറ്റേതെങ്കിലും സിവിലോ ക്രിമിനലോ ആയ നടപടികള്‍ക്ക് വിധേയമാക്കുകയോ അയാള്‍ക്കെതിരെ ഉപയോഗിക്കുകയോ ചെയ്യുന്നതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.കമ്മീഷന്റെ സിറ്റിംഗ് എറണാകുളത്തും, തൊടുപുഴയിലും കൂടാതെ കമ്മീഷന്‍ യുക്തമെന്നും ആവശ്യമെന്നും തോന്നുന്ന മറ്റ് സ്ഥലങ്ങളിലും നടത്തുന്നതാണ്. കമ്മീഷന്റെ സിറ്റിംഗ് സ്ഥലം, തീയതി, സമയം മുതലായവ പിന്നീട് അറിയിക്കും.അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് സംഭവത്തെപ്പറ്റി അറിവുളളവര്‍ വിവരം കൃത്യമായും വീഴ്ചകൂടാതെയും തെളിവുനല്‍കി കമ്മീഷനെ സഹായിക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

ഇടുക്കി കോലാഹലമേടിലുളള രാജ്കുമാറിനെ അറസ്റ്റ് ചെയ്ത സാഹചര്യവും തുടര്‍ന്ന് കസ്റ്റഡിയില്‍ ഇരിക്കെ മരണത്തിലേക്ക് നയിച്ച വസ്തുതകളെയും സാഹചര്യങ്ങളും, സര്‍ക്കാര്‍ വകുപ്പുകളിലെ സൂപ്പര്‍വൈസറി ഉദ്യോഗസ്ഥരടക്കമുളള ഉദ്യോഗസ്ഥര്‍ക്കോ മറ്റാര്‍ക്കെങ്കിലുമോ ഇതിനുമേല്‍ ഉത്തരവാദിത്തവും വീഴ്ചയും ഉണ്ടോ, ഇത്തരത്തിലുളള സംഭവങ്ങള്‍ ഭാവിയില്‍ ഒഴിവാക്കുന്നതിനായി സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍, ഇതുമായി ബന്ധപ്പെട്ട് സാന്ദര്‍ഭികമായി ഉത്ഭവിക്കാവുന്ന മറ്റുകാര്യങ്ങള്‍ എന്നിവയാണ് അന്വേഷണ കമ്മീഷന്റെ വിഷയം.

Tags:    

Similar News