നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട

Update: 2019-01-30 15:57 GMT

കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും വിദേശ കറന്‍സി വേട്ട. അനധികൃതമായി കടത്തുവാന്‍ ശ്രമിച്ച 25 ലക്ഷം രൂപയുടെ വിദേശ കറണ്‍സിയാണ് ദുബയിയിലേക്ക് പോകാനെത്തിയ യാത്രക്കാരനില്‍ നിന്നു കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം വെള്ളൂര്‍ സ്വദേശി ഫൈസല്‍മോനെ (25) കസ്റ്റംസ് പിടികൂടി.

ഉച്ചയ്ക്ക് രാജ്യാന്തര ടെര്‍മിനലായ ടെര്‍മിനല്‍ ത്രിയില്‍ നടത്തിയ ലഗേജ് പരിശോധനക്കിടെയാണ് കസ്റ്റംസ് കറന്‍സി കണ്ടെത്തിയത്. രണ്ട് ദിവസം മുമ്പ് രണ്ട് പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപയുടെ അനധികൃത വിദേശ കറന്‍സി കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും കറന്‍സി വേട്ട നടന്നിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണകടത്തും വിദേശ കറന്‍സി കടത്തും വ്യാപകമായതിനെ തുടര്‍ന്ന്‌ കസ്റ്റസ് ഇവിടെ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.