നെടുമ്പാശേരി വിമാനത്താവളം: സിയാല്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ പടിയിറങ്ങുന്നു

ഇന്ത്യയില്‍ ഏറ്റവുമധികം കാലം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ച റിക്കാര്‍ഡുമായാണ് എസികെ നായര്‍ പടിയിറങ്ങുന്നത്. 2004 മുതല്‍ അദ്ദേഹം നെടുമ്പാശേരി വിമാനത്താവള ഡയറക്ടറാണ്.നെടുമ്പാശേരി വിമാനത്താവള വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എ സി കെ നായര്‍

Update: 2022-05-30 09:52 GMT

കൊച്ചി: എറണാകുളം നെടുമ്പാശേരി വിമാനത്താവളത്തിന്റെ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ സി കെ നായര്‍ ചൊവ്വാഴ്ച വിരമിക്കുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം കാലം എയര്‍പോര്‍ട്ട് ഡയറക്ടര്‍ തസ്തികയില്‍ സേവനമനുഷ്ഠിച്ച റിക്കാര്‍ഡുമായാണ് എസികെ നായര്‍ പടിയിറങ്ങുന്നത്. 2004 മുതല്‍ അദ്ദേഹം നെടുമ്പാശേരി വിമാനത്താവള ഡയറക്ടറാണ്.നെടുമ്പാശേരി വിമാനത്താവള വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് എ സി കെ നായര്‍. കൊച്ചിയില്‍ പൊതുജന പങ്കാളിത്തത്തോടെയുളള വിമാനത്താവള നിര്‍മാണത്തിന് കേന്ദ്രാനുമതി ലഭിച്ചതിനെത്തുടര്‍ന്ന് 1996ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഇലക്ട്രിക്കല്‍ വിഭാഗം ചെന്നൈ മേഖലാ മേധാവിയായിരുന്ന എസികെ നായര്‍ ഡെപ്യൂട്ടേഷനിലായിരുന്നു നെടുമ്പാശേരി വിമാനത്താവളത്തിന്റെ നടത്തിപ്പുകാരായ കൊച്ചി ഇന്റര്‍നാഷണള്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്( സിയാല്‍)ല്‍ എത്തിയത്.

വിമാനത്താവളത്തിന്റെ നിര്‍മാണഘട്ടത്തില്‍ എസികെ നായരുടെ സാങ്കേതിക ജ്ഞാനവും നേതൃഗുണവും ഏറെ നിര്‍ണായകമായിരുന്നു. ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് സിയാലിന്റെ അഭ്യര്‍ഥനയനുസരിച്ച് 2000ല്‍ കൊച്ചി വിമാനത്താവളത്തിന്റെ ഇലക്ട്രിക്കല്‍ വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജരായി ചുമതലയേറ്റു. 2004ല്‍ എയര്‍പോര്‍ട്ട് ഡയറക്ടറായി. സര്‍വീസിലിരിക്കെ എംബിഎ കരസ്ഥമാക്കി. വിമാനത്താവള ഓപ്പറേറ്റര്‍മാരുടെ അന്താരാഷ്ട്ര സംഘടനയായ എയര്‍പോര്‍ട്ട് കൗണ്‍സില്‍ ഇന്റര്‍നാഷണലിന്റെ ഏഷ്യാ പസഫിക് ഡയറക്ടറായി ആറുവര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിനെ സാങ്കേതികമായി ഇന്ത്യയിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളിലൊന്നായി മാറ്റുന്നതിലും സിയാലിന് പുതിയ വരുമാന ശ്രേണികള്‍ കണ്ടെത്തുന്നതിലും എസികെ നായര്‍ വലിയ പങ്കുവഹിച്ചു. നെടുമ്പാശേരി വിമാനത്താവള ഡയറക്ടര്‍ സ്ഥാനത്തിനൊപ്പം ഇലക്ട്രിക്കല്‍, ഐടി, കാര്‍ഗോ, ഫയര്‍, സെക്യൂരിറ്റി വിഭാഗങ്ങളുടെ ചുമതലയും കൊച്ചിന്‍ ഇന്റര്‍നാഷണല്‍ ഏവിയേഷന്‍ സര്‍വീസസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും എസികെ നായര്‍ വഹിച്ചിരുന്നു.

2006ല്‍ ഒരു മാസത്തോളം സിയാലിന്റെ മാനേജിങ് ഡയറക്ടറുടെ താല്‍ക്കാലിക ചുമതലയും നിറവേറ്റിയിരുന്നു.കൊച്ചി വിമാനത്താവളത്തിന് അത്യാധുനിക വൈദ്യുതി വിതരണ സംവിധാനം, ഇന്റഗ്രേറ്റഡ് എയര്‍പോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം, ഇന്ത്യയിലെ ആദ്യത്തെ സി ടി അധിഷ്ഠിത ബാഗേജ് സ്‌ക്രീനിങ് സംവിധാനം എന്നിവ എസികെ നായരുടെ മുന്‍കൈയിലാണ് പൂര്‍ത്തിയായത്.തിരുവനന്തപുരം സ്വദേശിയായ എസികെ നായര്‍ 1984ലാണ് തിരുവനന്തപുരം എന്‍ജിനീയറിങ് കോളജില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിടെക് നേടിയത്. 1989ല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ ചേരുന്നതിന് മുമ്പ് രണ്ടുവര്‍ഷത്തോളം ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രീസില്‍ ജോലി ചെയ്തിരുന്നു.

Tags: