'തന്റെ തന്തയല്ല എന്റെ തന്ത': ടി ജി മോഹന്‍ദാസിന് മറുപടിയുമായി ജി സുധാകരന്റെ മകന്‍

നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എ കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ അധികാരമേല്‍ക്കും എന്നും അതില്‍ ജി സുധാകരന്‍ അടക്കമുളളവര്‍ മന്ത്രിമാരായിരിക്കും എന്നുമാണ് മോഹന്‍ദാസിന്റെ ട്വീറ്റ്.

Update: 2019-11-25 07:51 GMT

കൊച്ചി: മഹാരാഷ്ട്രയില്‍ ബി ജെ പി സര്‍ക്കാര്‍ രൂപീകരിച്ചതുപോലെ കേരളത്തിലും അത്തരം നീക്കങ്ങള്‍ നടക്കാമെന്ന വാദവുമായി വന്ന ബിജെപി ബൗദ്ധിക സെല്‍ അംഗം ടിജി മോഹന്‍ദാസിന് മന്ത്രി ജി സുധാകരന്റെ മകന്‍ നവനീതിന്റെ പക്കലില്‍ നിന്ന് ചുട്ട മറുപടി.

മഹാരാഷ്ട്രയിലെ അര്‍ധരാത്രിയില്‍ ഉണ്ടായ അട്ടിമറി സൂചിപ്പിച്ചാണ് മോഹന്‍ദാസ് രംഗത്തുവന്നത്. നേരം വെളുക്കുമ്പോള്‍ കേരളത്തില്‍ എ കെ ബാലന്‍ മുഖ്യമന്ത്രിയായി ബിജെപി മന്ത്രിസഭ അധികാരമേല്‍ക്കും എന്നും അതില്‍ ജി സുധാകരന്‍ അടക്കമുളളവര്‍ മന്ത്രിമാരായിരിക്കും എന്നുമാണ് മോഹന്‍ദാസിന്റെ ട്വീറ്റ്. 

മുഖ്യമന്ത്രി പിണറായി വിജയനും അതില്‍ ഒരു പേടി തട്ടിയിട്ടുണ്ടെന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു. എന്നാല്‍ ഇതിനു മറുപടിയായി തന്റെ തന്തയല്ല എന്റെ തന്ത എന്ന മോഹന്‍ലാല്‍ ചിത്രമായ ലൂസിഫറിലെ ഡയലോഗാണ് നവനീത് മറുപടി നല്‍കിയത്. സോഷ്യല്‍ മീഡിയ അധികം വൈകാതെ തന്നെ ഈ മറുപടി ട്വീറ്റ് വൈറലാക്കുകയും ചെയ്തു.