സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

കേസുകളില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് നടപടി റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചില കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്തു.

Update: 2019-11-02 07:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തു പറഞ്ഞു. കമ്മീഷന്‍ തൈക്കാട് ഗസ്റ്റ് ഹൗസില്‍ നടത്തിയ ദ്വിദിന സിറ്റിങ്ങിന്റെ ഭാഗമായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന സമ്മേളനത്തിനുശേഷം നാല് സിംഗിള്‍ ബെഞ്ചുകളിലായി 96 കേസുകളാണ് കമ്മിഷന്‍ പരിഗണിച്ചത്.

കേസുകളില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് നടപടി റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കുകയും ചില കേസുകളില്‍ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ ആവശ്യപ്പെടുകയും ചെയ്തു. രണ്ടാം ദിവസം ഫുള്‍ കമ്മിഷന്‍ അഞ്ച് സുപ്രധാന കേസുകളാണ് പരിഗണിച്ചത്. വിവിധ ഗവണ്‍മെന്റിതര സംഘടനകള്‍, പൗരസമൂഹ പ്രതിനിധികള്‍, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ തുടങ്ങിയവരുമായി കമ്മിഷന്‍ സംവദിച്ചു.

ആരോഗ്യസുരക്ഷ, വിദ്യാഭ്യാസം, ട്രാന്‍സ്‌ജെന്‍ഡര്‍, സ്ത്രീകള്‍, കുട്ടികള്‍,വൃദ്ധജനങ്ങള്‍ തുടങ്ങിയവരുടെ അവകാശങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ധാരാളം വിഷയങ്ങള്‍ അവര്‍ ഉയര്‍ത്തി. തുടര്‍ന്ന് ചീഫ് സെക്രട്ടറി, ഡിജിപി, മറ്റ് സംസ്ഥാന ഉന്നതോദ്യോഗസ്ഥര്‍ തുടങ്ങിയവരുമായും കൂടിക്കാഴ്ച നടത്തിയതായും കമ്മിഷന്‍ അറിയിച്ചു.

Tags:    

Similar News