ദേശീയപാത വികസനം: കുടിയിറക്കപ്പെടുന്നവര്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്

സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് പറവൂര്‍ സ്ഥലമെടുപ്പ് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നില്‍ നാളെ രാവിലെ 10ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമര സമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി അറിയിച്ചു

Update: 2022-03-30 06:14 GMT

കൊച്ചി:ദേശീയപാത വികസനത്തിന്റെ പേരില്‍ ഇടപ്പള്ളി മുതല്‍ മൂത്തകുന്നം വരെ ഭൂമി, പാര്‍പ്പിടം, വ്യാപാരം, തൊഴില്‍, വരുമാനം എന്നിവ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്. കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ വഞ്ചിക്കുന്നുവെന്നാരോപിച്ചാണ് സമരം. സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് പറവൂര്‍ സ്ഥലമെടുപ്പ് സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടറുടെ ഓഫീസിനു മുന്നില്‍ നാളെ രാവിലെ 10ന് പ്രതിഷേധ ധര്‍ണ നടത്തുമെന്ന് സമര സമിതി ചെയര്‍മാന്‍ ഹാഷിം ചേന്നാമ്പിള്ളി അറിയിച്ചു.

45 മീറ്റര്‍ ഏറ്റെടുത്ത ശേഷം ബാക്കിയാവുന്ന ഭൂമിയില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് ഏഴര മീറ്റര്‍ ദൂരപരിധി വ്യവസ്ഥ റദ്ദാക്കുക; പാര്‍പ്പിടം, വ്യാപാരം, തൊഴില്‍, വരുമാനം എന്നിവ നഷ്ടപ്പെടുന്ന എല്ലാ കുടുംബങ്ങള്‍ക്കും നക്കാപ്പിച്ച തുകക്ക് പകരം സമഗ്രമായ പുനരധിവാസം നല്‍കുക; നഷ്ടപരിഹാരത്തില്‍ നിന്നും പിടിച്ചെടുത്ത നിയമവിരുദ്ധമായ 'കെട്ടിടാവശിഷ്ട ചുങ്കം'(salvage charge) തിരിച്ചുനല്‍കുക; തിരുമുപ്പത്തെ അഴിമതി അലൈന്മെന്റ് റദ്ദാക്കുക; ഹൈവേയിലേക്കുള്ള പ്രവേശനത്തിന് ഭീമമായ ഫീസ് ചുമത്താനുള്ള നീക്കം ഉപേക്ഷിക്കുക; ഭൂമിയുടെ നഷ്ടപരിഹാരം നിശ്ചയിച്ചതിലെ അപാകതകള്‍ പരിഹരിച്ച് യഥാര്‍ത്ഥ കമ്പോള വിലയും മറ്റ് ആനുകൂല്യങ്ങളും നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ നടത്തുന്നത്.

സാഹിത്യകാരനും ഇടതുപക്ഷ ചിന്തകനുമായ ഡോക്ടര്‍ ആസാദ് ധര്‍ണ ഉദ്ഘാടനം ചെയ്യും. സി ആര്‍ നീലകണ്ഠന്‍, കെ റെയില്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന ചെയര്‍മാന്‍ ബാബുരാജ് ഇടക്കം വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളുടെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നും ഹാഷിം ചേന്നാമ്പിള്ളി അറിയിച്ചു.

Tags:    

Similar News