സിപിഐ നേതാവിന്റെ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയ്ക്കിടെ റെയ്ഡ്; എല്‍എസ്ഡി അടക്കമുള്ള ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം പിടിയിലായി.
ഇടുക്കി: ഇടുക്കി വാഗമണില്‍ സിപിഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടിലെ നിശാ പാര്‍ട്ടിയില്‍ ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ റെയ്ഡ്. എല്‍ എസ് ഡി അടക്കമുള്ള ലഹരി മരുന്നുകള്‍ റെയ്ഡിനിടെ പിടിച്ചെടുത്തു. ഏലപ്പാറ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ള വട്ടപ്പത്താലിലെ ക്ലിഫ് ഇൻ റിസോര്‍ട്ടില്‍ ആണ് റെയ്ഡ് നടന്നത്.
നിശാ പാര്‍ട്ടിയില്‍ പങ്കെടുത്ത അറുപതോളം പേരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെകുന്നേരം തുടങ്ങിയ നിശാ പാര്‍ട്ടിയെ കുറിച്ച് എസ്പി ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഇരുപത്തിയഞ്ചോളം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള സംഘം പിടിയിലായി. നിശാപാര്‍ട്ടിയ്ക്ക് പിന്നില്‍ ഒമ്പത് പേരാണെന്ന് പോലിസ് കണ്ടെത്തിയതായാണ് വിവരം.
മാരക മയക്കുമരുന്നുകളായ എല്‍എസ്ഡി, ഹെറോയിൻ, ഗം, കഞ്ചാവ് തുടങ്ങിയവാണ് പിടിച്ചെടുത്തത്. ഈ മേഖലകളിൽ നിശാപാർട്ടികൾ നടക്കാറുണ്ടെങ്കിലും പലപ്പോഴും പോലിസ് നടപടിയെടുക്കാറില്ല. സ്ത്രീകളും യുവാക്കളുമടക്കം നിരവധി പേരാണ് ഇത്തരം മാരകമായ ലഹരി വസ്തുക്കൾ ഉപയോഗിക്കുവാനായി വിനോദ സഞ്ചാര മേഖലകളിൽ എത്തുന്നതായി നേരത്തേയും റിപോർട്ടുകളുണ്ടായിരുന്നു.
പിടിയിലായ അറുപത് പേരെ പോലിസ് ചോദ്യം ചെയ്ത് വരികയാണ്. ഇവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയവരാണെന്ന് പോലിസ് അറിയിച്ചു. ഈ റിസോര്‍ട്ടില്‍ മുന്‍പും നിശാപാര്‍ട്ടികള്‍ നടന്നിട്ടുണ്ടെന്ന് പോലിസ് കണ്ടെത്തി.
