മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്യുന്നു; കര്‍ശന നടപടി വേണമെന്ന് ചീഫ് സെക്രട്ടറിക്ക് കത്ത്

Update: 2021-04-23 15:40 GMT

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരേ പോലിസ്, മോട്ടോര്‍ വാഹനം, രജിസ്‌ട്രേഷന്‍ വകുപ്പുകള്‍ സംയുക്തമായി അന്വേഷണവും പരിശോധനയും നടത്തി കര്‍ശന നടപടി സ്വീകരിക്കണമെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കി. കമ്മീഷന്റെ പേര് വ്യാജമായി ഉപയോഗിച്ച് ഏതെങ്കിലും സംഘടനകളോ വ്യക്തികളോ, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഇടപെടല്‍ നടത്തുന്നത് ഒഴിവാക്കുന്നതിനായി ചീഫ് സെക്രട്ടറി ഒരു സര്‍ക്കുലര്‍ ഇറക്കി എല്ലാ സര്‍ക്കാര്‍ ഉദ്യോസ്ഥരുടെയും ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.

മനുഷ്യാവകാശ കമ്മീഷന്റെ പേര് ദുരുപയോഗം ചെയ്ത് ചില വ്യക്തികളും സംഘടനകളും സാമ്പത്തിക ലാഭമുണ്ടാക്കുന്നുവെന്ന വ്യാപകപരാതികളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയത്. കമ്മീഷന്റെ ഔദ്യോഗിക വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് വയ്ക്കുക, കമ്മീഷന്‍ ഉദ്യോഗസ്ഥരെന്ന് തെറ്റിദ്ധരിപ്പിച്ച് കടകളിലെത്തി സൗജന്യമായി സാധനങ്ങള്‍ വാങ്ങുക, പോലിസ് സ്റ്റേഷനുകളിലും, സര്‍ക്കാര്‍ ഓഫിസുകളിലും നിയമവിരുദ്ധമായ ഇടപെടലുകള്‍ നടത്തുക, നോട്ടീസയച്ച് കക്ഷികളെ വരുത്തി കമ്മീഷന്‍ നടത്തുന്നതുപോലെ സിറ്റിങ് നടത്തുക, കമ്മീഷന്‍ വൈസ് ചെയര്‍മാനാണെന്നു തെറ്റിദ്ധരിപ്പിച്ച് നീതിന്യായ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് കമ്മീഷന്റെ ശ്രദ്ധയില്‍പെട്ടത്.

മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്ന് കത്തില്‍ പറയുന്നു. കമ്മീഷന്റെ പേര് പറഞ്ഞ് സ്ഥാപനങ്ങളിലെത്തുന്നവരോട് അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് സ്ഥാപനമേധാവികള്‍ ആവശ്യപ്പെടണം. തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കാത്തവരുടെ വിവരം സ്ഥാപന മേധാവികള്‍ പോലിസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും കത്തില്‍ പറയുന്നു. സംഘടനകളില്‍നിന്നും രജിസ്‌ട്രേഷനുള്ള അപേക്ഷകള്‍ ലഭിക്കുമ്പോള്‍ മനുഷ്യാവകാശ കമ്മീഷന്റെ പേരിനോട് സാമ്യമോ സാദൃശ്യമോ ഇല്ലെന്ന് രജിസ്‌ടേഷന്‍ വകുപ്പ് ഉറപ്പാക്കണം.

കമ്മീഷന്റെ വാഹനമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ കേരള സ്റ്റേറ്റ് ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരേ മോട്ടോര്‍വാഹന വകുപ്പും പോലിസും നടപടിയെടുക്കണം. ജനങ്ങളെ ചൂഷണം ചെയ്യാനും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍നിന്ന് പണം പിടുങ്ങാനും സര്‍ക്കാര്‍ സംവിധാനങ്ങളെ വരുതിയിലാക്കാനും ചില സംഘടനകളും വ്യക്തികളും നടത്തുന്ന ശ്രമങ്ങള്‍ കമ്മീഷന്റെ സത്‌പേരിന് കളങ്കമുണ്ടാക്കുന്നതായി കമ്മീഷന്‍ വിലയിരുത്തി. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നിയമനടപടി സ്വികരിക്കേണ്ടത് അനിവാര്യമാണെന്ന് കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പറയുന്നു.

Tags: