ദേശീയ പാത വികസനം: കുടിയൊഴിപ്പിച്ചേ അടങ്ങൂവെന്ന മുഖ്യമന്ത്രിയുടെ പിടിവാശി സാഡിസമെന്ന് എന്‍ എച്ച് 17 സമരസമിതി

വീട്, ഭൂമി, വ്യാപാരം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്ന മൂവായിരത്തോളം കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ച് ദുരിതത്തില്‍ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ച് നിലവില്‍ ഏറ്റെടുത്ത 30 മീറ്റര്‍ ഉപയോഗിച്ച ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ നിര്‍മിക്കണം.പാലിയേക്കര മോഡലില്‍ ടോള്‍ കൊള്ളക്കുള്ള അവസരം നഷ്ടപ്പെടുമെന്ന അങ്കലാപ്പാണ് ദേശീയപാത വിഷയത്തില്‍ വകുപ്പ് മന്ത്രിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നിലവിലുള്ള നിയമങ്ങള്‍ പോലും പാലിക്കാതെയാണ് സ്ഥലമെടുപ്പ് നടപടികള്‍ തുടരുന്നത്

Update: 2019-05-09 09:27 GMT

കൊച്ചി: ദേശീയപാത വികസനത്തിന്റെ പേരില്‍ എന്‍ എച്ച് 17 ല്‍ ഇടപ്പള്ളി- മൂത്തകുന്നം ഭാഗത്ത് ഒരിക്കല്‍ കുടിയിറക്കിയ കുടുംബങ്ങളെ വീണ്ടും കുടിയിറക്കി മാത്രമേ റോഡ് നിര്‍മ്മിക്കൂ എന്ന മുഖ്യമന്ത്രിയുടെ പിടിവാശി സാഡിസമാണെന്ന് എന്‍ എച്ച് 17 സംയുക്ത സമരസമിതി ഭാരാവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.വീട്, ഭൂമി, വ്യാപാരം, തൊഴില്‍ എന്നിവ നഷ്ടപ്പെടുന്ന മൂവായിരത്തോളം കുടുംബങ്ങളെ വീണ്ടും കുടിയൊഴിപ്പിച്ച് ദുരിതത്തില്‍ ആക്കാനുള്ള ശ്രമം ഉപേക്ഷിച്ച് നിലവില്‍ ഏറ്റെടുത്ത 30 മീറ്റര്‍ ഉപയോഗിച്ച ആറുവരിപ്പാതയോ എലിവേറ്റഡ് ഹൈവേയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ നിര്‍മിക്കണം.നിലവില്‍ 45 മീറ്ററില്‍ പാത നിര്‍മിക്കണമെങ്കില്‍ സ്ഥലമേറ്റെടുക്കലിനു മാത്രമായി ചുരുങ്ങിയത് 2500 കോടി വേണ്ടിവരും എന്നാല്‍ 2000 കോടിയുണ്ടെങ്കില്‍ സുഖമായി എലിവേറ്റഡ് ഹൈവേ നിര്‍മിക്കാന്‍ കഴിയും അതിനു തയാറാകാതെയാണ് സര്‍ക്കാര്‍ ബിഒടി കൊള്ളയക്ക് കൂട്ടു നില്‍ക്കുന്നത്.നാല് പതിറ്റാണ്ടായി ഈ പദ്ധതിയുടെ പേരില്‍ ദുരിതത്തിലാണ് ഇവിടത്തെ ജനങ്ങള്‍. 30 മീറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍പ്പില്ലാതെ മാതൃകാപരമായി ഭൂമി വിട്ടു കൊടുത്തു. അവശേഷിച്ച തുണ്ടു ഭൂമികളില്‍ സര്‍ക്കാരിന്റെ പാക്കേജോ സഹായമോ ഇല്ലാതെ രണ്ടാമതും വീടുവെച്ച് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിക്കുന്നവരെയാണ് 45 മീറ്റര്‍ ബിഒടി ടോള്‍ പദ്ധതിക്കുവേണ്ടി വീണ്ടും കുടിയിറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇവരില്‍ ഭൂരിപക്ഷം കുടുംബങ്ങളും പ്രളയ ദുരിതത്തിനും ഇരയായവരാണ്. ഏറ്റെടുത്ത സ്ഥലത്താവട്ടെ ഒരു വരി റോഡ് പോലും നിര്‍മ്മിക്കാതെ കാടുകയറി കിടക്കുന്നു.

ഈ ജനങ്ങളെ രണ്ടാമതും കുടിയൊഴിക്കുന്നതിനെതിരെ സി പി എം-ന്റെ നേതൃത്വത്തില്‍ ഇടതുപക്ഷ മുന്നണി ഹര്‍ത്താല്‍, മനുഷ്യ ചങ്ങല തുടങ്ങി നിരവധി സമരങ്ങള്‍ നടത്തുകയും വി എസ് അടക്കമുള്ള സംസ്ഥാന നേതാക്കള്‍ പങ്കെടുക്കുകയും ചെയതതാണ്. മറ്റു രാഷ്ട്രീയ പാര്‍ടികളും പ്രതിഷേധ സംഗമങ്ങളും കാല്‍നട പ്രചരണ ജാഥയടക്കമുള്ള സമരങ്ങള്‍ നടത്തിയതാണ്. ഇക്കാലമത്രയും പ്രദേശത്തെ എംഎല്‍എമാരും പിന്തുണച്ചു. ഈ പ്രദേശം ഉള്‍പ്പെടുന്ന ഒമ്പത് തദ്ദേശഭരണ സമിതികളും ഈ ആവശ്യം ഉന്നയിച്ച് ഐക്യകണ്‌ഠേന പ്രമേയങ്ങള്‍ പാസാക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.2013- ലെ പുതിയനിയമത്തിലെ പുനരധിവാസം അടക്കമുള്ള ആനുകൂല്യങ്ങളെല്ലാം നല്‍കുമെന്ന് പറയുകയും 1956-ലെ പഴയ പൊന്നുംവില നിയമപ്രകാരം വിജ്ഞാപനമിറക്കി വഞ്ചിക്കുകയുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്തത്. ഭൂമി ഏറ്റെടുക്കുന്നതിന് മുമ്പ് പാലിക്കേണ്ട പുനരധിവാസ കമ്മിറ്റിയെ നിയമിക്കല്‍, സാമൂഹിക ആഘാത പഠനം, പൊതുതെളിവെടുപ്പ് എന്നിവ പൂര്‍ത്തിയാക്കി പുനരധിവാസ സൗകര്യങ്ങളൊരുക്കിയതിനുശേഷം മാത്രമേ ഭൂമി ഏറ്റെടുക്കാവൂ എന്നിരിക്കെ മിക്ക ജില്ലകളിലും ത്രീ ഡി വിജ്ഞാപനമിറക്കി വഞ്ചിക്കുകയാണ് സര്‍ക്കാരുകള്‍ ചെയ്തത്. ത്രീ ഡി വരുന്നതോടെ ഭൂമി കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയില്‍ ആവുമെന്നതിനാല്‍ പിന്നീട് നക്കാപ്പിച്ച നഷ്ടപരിഹാരം നല്‍കി ചതിക്കാനായിരുന്നു ശ്രമം. ഈ ചതി മുന്‍കൂട്ടിക്കണ്ട് സമരസമിതി ഹൈക്കോടതിയില്‍ പരാതിപ്പെടുകയും 2013 നിയമത്തിലെ മുഴുവന്‍ ആനുകൂല്യങ്ങളും ദേശീയപാത ഇരകള്‍ക്ക് നല്‍കണമെന്ന് ഉത്തരവ് നേടുകയും ചെയ്തു. ഇതോടെ നഷ്ടപരിഹാര ഇനത്തില്‍ ഭീമമായ തുകയും പുനരധിവാസപാക്കേജും വലിയ ബാധ്യതയാകുമെന്നതിനാലാണ് എന്‍എച്ച്എഐ മെല്ലപ്പോക് നയം സ്വീകരിക്കുന്നതെന്നാണ് തങ്ങള്‍ക്ക് മനസിലാകുന്നതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.

പാലിയേക്കര മോഡലില്‍ ടോള്‍ കൊള്ളക്കുള്ള അവസരം നഷ്ടപ്പെടുമെന്ന അങ്കലാപ്പാണ് ദേശീയപാത വിഷയത്തില്‍ വകുപ്പ് മന്ത്രിയുടെയും മറ്റും പ്രതികരണങ്ങളില്‍ തെളിയുന്നത്. നിലവിലുള്ള നിയമങ്ങള്‍ പോലും പാലിക്കാതെയാണ് സ്ഥലമെടുപ്പ് നടപടികള്‍ തുടരുന്നത്. ഹിയറിംഗ് നടത്തുന്നതിലെ അപാകതകള്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും ഹിയറിംഗ് രണ്ടാമത് നടത്തുകയും ചെയ്യുന്ന സ്ഥിതി വന്നു. എറണാകുളം ജില്ലയില്‍ മാത്രം രണ്ടായിരത്തിലധികം കുടുംബങ്ങള്‍ പദ്ധതിയോട് രേഖാമൂലം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടും അതെല്ലാം നിയമവിരുദ്ധമായി തള്ളിക്കളഞ്ഞാണ് മുന്നോട്ടുപോകുന്നതെന്നും സമര സമിതി നേതാക്കള്‍ പറഞ്ഞു. സി ആര്‍ നീലകണ്ഠന്‍, ഹാഷിം ചേന്നാമ്പിള്ളി, കെ വി സത്യന്‍ മാസ്റ്റര്‍, സി വി ബോസ്, ടോമി അറക്കല്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags: