കരമനയിലെ ദുരൂഹ മരണം: പുതിയ സംഘം അന്വേഷണം ആരംഭിച്ചു

നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പലതും മറച്ചുവച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തിയതെന്നും പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയമിച്ചത്.

Update: 2020-07-04 02:45 GMT

തിരുവനന്തപുരം: കൂടത്തില്‍ തറവാട്ടില്‍ ഏഴു പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പുതിയ സംഘം അന്വേഷണം ആരംഭിച്ചു. നേരത്തെ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ പലതും മറച്ചുവച്ചുകൊണ്ടുള്ള അന്വേഷണമാണ് നടത്തിയതെന്നും പിഴവുകള്‍ ചൂണ്ടിക്കാട്ടി ഇന്റലിജന്‍സ് വിഭാഗം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സംഘത്തെ നിയമിച്ചത്. കേസില്‍ നേരത്തെ കണ്ടെത്തിയ നിര്‍ണായക തെളിവായ രക്തക്കറ പുരണ്ട തടിക്കഷണവുമായി ബന്ധപ്പെട്ട ഫോറന്‍സിക് റിപ്പോര്‍ട്ട് ഈയാഴ്ച ലഭിക്കും. ഇതോടെ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടാകുമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അതേസമയം, കൂടത്തില്‍ തറവാട്ടില്‍ അവസാനം മരിച്ച ജയമാധവന്‍ നായരെ (63) ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും പിന്നീട് ഇന്‍ക്വസ്റ്റ് നടക്കുമ്പോഴും ക്രിമിനല്‍ കേസിലെ പ്രതികളുടെ സാന്നിധ്യം ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ എടുത്ത ജനക്കൂട്ടത്തിന്റെ ഫോട്ടോകളില്‍ ക്രിമിനല്‍ കേസിലെ പ്രതികളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോഴും ക്രിമിനല്‍ സംഘം കൂടെയുണ്ടായിരുന്നതായി വ്യക്തമായത്.

ആദ്യം കേസ് അന്വേഷിച്ച സംഘത്തിന് ഈ വിവരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും പകുതിവഴിയില്‍ അന്വേഷണം നിലച്ചു. ഇതൊക്കെ ചൂണ്ടിക്കാട്ടിയാണ് ഇന്റലിജന്‍സ് ബ്യൂറോ മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോര്‍ട്ട് നല്‍കിയത്. 2017 ഏപ്രില്‍ രണ്ടിന് കൂടത്തില്‍ തറവാട്ടിലെത്തിയപ്പോള്‍ കട്ടിലില്‍നിന്ന് വീണുകിടക്കുന്ന ജയമാധവന്‍ നായരെ കണ്ടെന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെത്തിച്ചെന്നുമാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. വീട്ടുജോലിക്കാരി ലീലയും കൂടെയുണ്ടായിരുന്നു. ജയമാധവന്‍ നായര്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ ലീലയും രവീന്ദ്രന്‍ നായരും കരമന പൊലീസ് സ്റ്റേഷനിലെത്തി. മൊഴി നല്‍കാന്‍ താന്‍ ഇറങ്ങിയെന്നും ലീല ഓട്ടോയില്‍ കൂടത്തില്‍ തറവാട്ടിലേക്കു പോയെന്നുമാണ് രവീന്ദ്രന്‍നായരുടെ മൊഴി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ളതിനാല്‍ തന്നോട് ഓട്ടോ വിളിച്ച് വീട്ടില്‍ പോകാന്‍ രവീന്ദ്രന്‍ നായര്‍ ആവശ്യപ്പെട്ടതായാണ് ലീലയുടെ മൊഴി. ഈ മൊഴികളിലെ വൈരുധ്യം ആദ്യസംഘം പരിശോധിച്ചില്ല. ജയമാധവന്‍ നായരെ ആശുപത്രിയിലേക്കു കൊണ്ടുപോയതായി ആദ്യം പറഞ്ഞ ഓട്ടോഡ്രൈവര്‍ പിന്നീട് മൊഴി മാറ്റിയിരുന്നു. ആശുപത്രിയില്‍ പോയിട്ടില്ലെന്നും 5 ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ വാഗ്ദാനം ചെയ്തതു കൊണ്ടാണ് കള്ളം പറഞ്ഞതെന്നുമായിരുന്നു രണ്ടാമത്തെ മൊഴി. വീഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഈ മൊഴി ആദ്യ അന്വേഷണസംഘം പരിശോധിച്ചില്ല. അടുത്ത വീട്ടിലെ ഓട്ടോ ഡ്രൈവര്‍ തന്റെ വണ്ടി രാത്രി പാര്‍ക്ക് ചെയ്തിരുന്നത് കൂടത്തില്‍ തറവാട്ടിലായിരുന്നു. ഈ ഓട്ടോ വിളിക്കാതെ മറ്റൊരു കാര്യസ്ഥനായ സഹദേവന്റെ സഹായത്തോടെ ഓട്ടോ വിളിച്ച് ജയമാധവന്‍ നായരെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയതില്‍ ദുരൂഹതയുണ്ടെന്ന് കേസിലെ പരാതിക്കാരി പ്രസന്നകുമാരിയമ്മയും മൊഴി നല്‍കിയിരുന്നു. ഇക്കാര്യങ്ങള്‍ പുതിയ സംഘം വിശദമായി പരിശോധിക്കും. തലയ്‌ക്കേറ്റ പരുക്കാണ് ജയമാധവന്‍ നായരുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരികാവയവങ്ങളുടെ പരിശോധനാ റിപ്പോര്‍ട്ടിലുമുള്ളത്. മുഖത്ത് രക്തം കട്ടപിടിച്ച നിലയിലായിരുന്നു. മുറിവുകള്‍ എങ്ങനെ സംഭവിച്ചെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമാകും. സഹോദരന്‍ ജയപ്രകാശ് രക്തം ഛര്‍ദ്ദിച്ചാണ് മരിച്ചതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടത്തിയിരുന്നില്ല. കൂടത്തില്‍ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടേയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. നഗരത്തില്‍ കോടിക്കണക്കിനു രൂപ വില മതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. 

Tags:    

Similar News