ലോക്ക്ഡൗണിനു ശേഷവും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം വേണമെന്ന് ഗതാഗതവകുപ്പ്

ലോക്ക്ഡൗണിനു ശേഷം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കർശന മാർഗ നിർദേശങ്ങൾ ശുപാർശ ചെയ്ത് ഗതാഗത വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്.

Update: 2020-04-27 13:00 GMT

തിരുവനന്തപുരം: കൊറോണ വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ലോക്ക്ഡൗണിനു ശേഷവും അന്തർസംസ്ഥാന യാത്രകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് ഗതാഗത വകുപ്പ്. ശുപാർശ ഗതാഗത സെക്രട്ടറി സർക്കാരിന് കൈമാറി. 

ലോക്ക്ഡൗണിനു ശേഷം മറ്റ് സംസ്ഥാനങ്ങളിൽനിന്ന് യാത്രക്കാരുടെ വലിയ തിരക്കുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് കർശന മാർഗ നിർദേശങ്ങൾ ശുപാർശ ചെയ്ത് ഗതാഗത വകുപ്പ് സർക്കാരിന് റിപ്പോർട്ട് നൽകിയത്. നാല് ചെക്ക് പോസ്റ്റുകളിലൂടെ മാത്രം യാത്ര അനുവദിക്കാനും ആരോഗ്യ പരിശോധന കർശനമാക്കാനും ശുപാർശയുണ്ട്. യാത്രക്കാർക്കായി ഓൺലൈൻ രജിസ്ട്രേഷനും നിർദേശമുണ്ട്.  

പ്രധാനശുപാർശകൾ ഇവയാണ്: മഞ്ചേശ്വരം,മുത്തങ്ങ, വാളയാർ,അമരവിള ചെക്ക്പോസ്റ്റുകൾ വഴി മാത്രം യാത്ര അനുവദിക്കുക. ചെക്ക്പോസ്റ്റിൽ വിവരശേഖരണത്തിനും ആരോഗ്യവകുപ്പിന്റെ പരിശോധനയ്ക്കും സംവിധാനം ഒരുക്കണം. ഓരോദിവസവും എത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം വേണം. ബസിൽ നിന്ന് യാത്ര ചെയ്യാൻ ആരെയും അനുവദിക്കരുത്. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചും വേണം യാത്ര ചെയ്യാൻ.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വരാൻ തയ്യാറെടുക്കുന്ന യാത്രക്കാർ ഓൺലൈനായി രജിസ്റ്റർ ചെയ്യാൻ സംവിധാനം വേണം. നോർക്കയുടെ ഓൺലൈൻ രജിസ്ട്രേഷൻ സംവിധാനം ഇതിനായി ഉപയോഗപ്പെടുത്താം. കൊവിഡ് ബാധയില്ലെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്താൽ മാത്രമായിരിക്കും യാത്രയ്ക്ക് അനുമതി ലഭിക്കുക.

Tags: