ഓപ്പറേഷന്‍ റെയ്‌സ് : ഒരാഴ്ചക്കിടെ എറണാകുളം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് നൂറോളം കേസുകള്‍

അപകടകരമായ ഡ്രൈവിംഗ്, രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍, കൃത്യമായി നമ്പറോ പെര്‍മിറ്റോ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍, സിഗ്നല്‍ തെറ്റിച്ച വാഹനങ്ങള്‍ തുടങ്ങി നിരവധി കേസുകള്‍ ആണ് ജൂണ്‍ 22 മുതല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

Update: 2022-06-27 12:59 GMT

കൊച്ചി: ഇരു ചക്ര വാഹനങ്ങളുടെ മല്‍സര ഓട്ടം നിയന്ത്രിക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ റെയ്‌സിന്റെ ഭാഗമായുള്ള പരിശോധനയില്‍ എറണാകുളം ജില്ലയില്‍ ഒരാഴ്ചയ്ക്കിടയില്‍ രജിസ്റ്റര്‍ ചെയ്തത് 102 കേസുകള്‍. അപകടകരമായ ഡ്രൈവിംഗ്, രൂപ മാറ്റം വരുത്തിയ വാഹനങ്ങള്‍, കൃത്യമായി നമ്പറോ പെര്‍മിറ്റോ പ്രദര്‍ശിപ്പിക്കാത്ത വാഹനങ്ങള്‍, സിഗ്നല്‍ തെറ്റിച്ച വാഹനങ്ങള്‍ തുടങ്ങി നിരവധി കേസുകള്‍ ആണ് ജൂണ്‍ 22 മുതല്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

രജിസ്‌ട്രേഷന്‍ മാര്‍ക്ക് രേഖപ്പെടുത്താതെ പൊതുസ്ഥലങ്ങളിലോ മറ്റിടങ്ങളിലോ വാഹനമുപയോഗിച്ച 43 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിയമ വിരുദ്ധമായി വാഹനങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയ 37 പേര്‍ക്കെതിരെ നടപടിയെടുത്തു. ട്രാഫിക് നിയമം തെറ്റിച്ച് അപകടരമായ ഡ്രൈവിങ്ങിന് മൂന്ന് പേര്‍ക്കെതിരെയും, അപകടകരമായ വേഗത്തില്‍ റോഡില്‍ വാഹനം ഓടിച്ച ഒരാള്‍ക്കെതിരെയും, സിഗ്‌നല്‍ തെറ്റിച്ചു വാഹനമോടിച്ച എട്ട് പേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തു. മൊബൈല്‍ ഉപയോഗിച്ച് അശ്രദ്ധമായി വാഹനമോടിച്ച പത്ത് പേര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും, നിയമം ലംഘിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Tags:    

Similar News