പിഎം ശ്രീയില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് സിപിഎം

കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തില്‍ മറുപടി പറയേണ്ടത് മന്ത്രിസഭയെന്ന് എം വി ഗോവിന്ദന്‍

Update: 2025-11-02 12:22 GMT

തിരുവനന്തപുരം: പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം. ചര്‍ച്ചയില്ലാതെ ഒപ്പിട്ടതില്‍ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. ഒപ്പിടുന്നതിനു മുന്‍പ് ചര്‍ച്ച ചെയ്തില്ല. അതൊരു വീഴ്ച്ചയാണ്. മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉള്‍പ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോയെന്ന ചോദ്യത്തിന് പൊതുസമൂഹത്തില്‍ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയില്‍ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചര്‍ച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. എകെജി സെന്ററിലെ എല്‍ഡിഎഫ് യോഗത്തിനു മുമ്പ് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി വീഴ്ച സമ്മതിച്ചത്.

അതേസമയം, എസ്എസ്‌കെ ഫണ്ട് കിട്ടാന്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി ഈ മാസം പത്തിന് കൂടിക്കാഴ്ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പിഎം ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി ചേരുന്നതും കേന്ദ്രത്തിന് കത്തയ്ക്കുന്നതും മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപ്പാക്കും. പിഎം ശ്രീ വിഷയത്തില്‍ കരാര്‍ മരവിപ്പിച്ചതില്‍ തനിക്ക് യാതൊരു നിരാശയുമില്ല. മുന്നണിക്കുള്ളില്‍ തര്‍ക്കമുണ്ടെന്ന പ്രചരണം മാധ്യമസൃഷ്ടി മാത്രമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

Tags: