സിദ്ധീഖിന് നീതി ലഭിക്കാന്‍ മാനവികതയുടെ പേരില്‍ ഐക്യപ്പെടണം: ഡോ. അബ്ദുല്‍ ഹഖീം അസ്ഹരി
പ്രസ്ഥാനിക നേതൃത്വം സിദ്ധീഖിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അധികാരികളോട് ഈ വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
കോഴിക്കോട്: സിദ്ധീഖ് കാപ്പന് ഉറപ്പായും ലഭിക്കേണ്ട നീതി തീർച്ചപ്പെടുത്താൻ മാനവികതയുടെ പേരിൽ എല്ലാവരും ഒരുമിക്കണമെന്ന് എസ്വൈഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എപി അബ്ദുല്‍ ഹഖീം അസ്ഹരി.
പ്രസ്ഥാനിക നേതൃത്വം സിദ്ധീഖിന്റെ കുടുംബത്തെ സമാശ്വസിപ്പിക്കുകയും അധികാരികളോട് ഈ വിഷയത്തിൽ ഇടപെടാൻ അഭ്യർത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എയിംസ് പോലെ മികച്ച ചികിൽസയും പരിചരണവും ലഭിക്കുന്ന ഒരിടത്തേക്ക് സിദ്ധീഖിനെ എത്രയും പെട്ടെന്ന് മാറ്റണമെന്നതാണ് ഇപ്പോഴത്തെ പ്രധാന ആവശ്യം.
എല്ലാത്തിലുമുപരി വേണ്ടത് പ്രാർത്ഥനകളാണ്. ദലിത് പീഡനം നടന്ന ഹാഥ്റസിലേക്കുള്ള യാത്രക്കിടെ അറസ്റ്റ് ചെയ്യപ്പെടുകയും യുഎപിഎ അടക്കമുള്ള നിയമങ്ങൾ ചാർത്തപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുകയും ചെയ്യുന്ന മാധ്യമ പ്രവർത്തകൻ സിദ്ധീഖ് കാപ്പൻ നേരിടുന്ന കടുത്ത അവകാശ ലംഘനങ്ങളെ കേരള യൂനിയൻ ഓഫ് വർക്കിങ് ജേർണലിസ്റ്റ് എന്ന സംഘടനയുടെയും മറ്റു രാഷ്ട്രീയ-സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകരുടെയും നേതൃത്വത്തിൽ നിയമപരമായി നേരിട്ടുവരികയാണ്.
അതിനിടയിലാണ് മഥുരയിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയായിരുന്ന സിദ്ധീഖിന് കൊവിഡ് ബാധിക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. രോഗം മൂർച്ഛിച്ച് ബോധരഹിതനായി കുളിമുറിയിൽ വീഴുകയും പരിക്കുപറ്റുകയും ചെയ്തതായി അറിയാനും സാധിച്ചു. പ്രാഥമികമായ ശുശ്രൂഷകളും മറ്റും നിലവിൽ അദ്ദേഹത്തിന് ലഭിക്കുന്നില്ലെന്നും നിലവിലത്തെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ ജീവൻ അപകടത്തിലാണെന്നും സുപ്രീം കോടതിയിൽ ഹരജി സമർപ്പിക്കപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടി.