മുസ്‌ലിം സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം: ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണം- മൗലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി

Update: 2021-05-31 10:19 GMT

ഓച്ചിറ: മുസ്‌ലിം ന്യൂനപക്ഷം ഇതര ന്യൂനപക്ഷങളുടെ അവകാശം കവര്‍ന്നെടുക്കുന്നുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കണമെന്നും ജംഇയ്യത്ത് ഉലമാ ഏ ഹിന്ദ് കേരള സംസ്ഥാന അധ്യക്ഷന്‍ മാലാനാ പി പി മുഹമ്മദ് ഇസ്ഹാഖ് ഖാസിമി മുഖ്യമന്ത്രിയോടാവശ്യപ്പെട്ടു. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിക്കൊണ്ടുള്ള കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാന്‍ നിയോഗിക്കപ്പെട്ടതാണ് സച്ചാര്‍ കമ്മിറ്റി.

മുസ്‌ലിം സമുദായം പട്ടികവിഭാഗങ്ങളേക്കാള്‍ പിന്നിലാണെന്ന സച്ചാര്‍ കമ്മിറ്റിയുടെ കണ്ടെത്തലിന്റെ ചുവടുപിടിച്ചാണ് മുസ്‌ലിം സമുദായത്തിന് സ്‌കോളര്‍ഷിപ്പ് കൊണ്ടുവന്നത്. നൂറുശതമാനവും മുസ്‌ലിംകള്‍ക്ക് മാത്രം അവകാശപ്പെട്ട പദ്ധതിയില്‍ ഇതര ന്യൂനപക്ഷങ്ങളില്‍ ചിലരെയും കൂടി പിന്നീട് ഉള്‍പ്പെടുത്തിയപ്പോള്‍ മുസ്‌ലിം സമുദായം മൗനം പാലിച്ചതാണ് കോടതിയില്‍ ഇങ്ങനെയൊരു തിരിച്ചടി ലഭിക്കാന്‍ കാരണമായത്. മാത്രമല്ല, മുസ്‌ലിം ഉന്നമനത്തിന് വേണ്ടി മാത്രമുള്ള പ്രത്യേക പദ്ധതിയാണിതെന്ന് കോടതിയെ ബോധ്യപ്പെടുത്താനും സാധിച്ചിട്ടില്ല.

ആയതിനാല്‍, സര്‍ക്കാര്‍ എത്രയും വേഗം ഇക്കാര്യങ്ങള്‍ വിശദീകരിച്ച് ധവളപത്രമിറക്കണമെന്നും അപ്പീല്‍ നല്‍കണമെന്നും മൗലാന ആവശ്യപ്പെട്ടു. ഇതര ന്യൂനപക്ഷങ്ങള്‍ക്ക് പല പദ്ധതികള്‍ നിലവില്‍ വന്നപ്പോഴും മുസ്‌ലിംകള്‍ അതില്‍ അവകാശമോ എതിര്‍പ്പോ ഉന്നയിച്ചിട്ടില്ല. എന്നാല്‍, മുസ്‌ലിം സമുദായത്തിന് ഇതൊരു പാഠമാണെന്നും തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതില്‍ മുസ്‌ലിം സംഘടനകള്‍ പരസ്പരം കൂടിയാലോചിച്ച് ഐക്യത്തോടെ മുന്നോട്ടുനീങ്ങണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Similar News