ഇരട്ട പദവി: വനിതാ ലീഗില്‍ വിവാദം മൂര്‍ച്ഛിക്കുന്നു

Update: 2021-02-24 15:27 GMT

കെ പി ഒ റഹ്മത്തുല്ല

മലപ്പുറം: ഇരട്ട പദവി യുടെ പേരില്‍ മലപ്പുറം ജില്ലാ മുസ് ലിം ലീഗില്‍ വിവാദം കൊടുമ്പിരി കൊള്ളുന്നു. ഇരട്ട പദവി വഹിക്കാന്‍ പാടില്ലെന്ന് പാര്‍ട്ടി നയം നടപ്പാക്കുന്നില്ലെന്നാണ് മലപ്പുറം വനിതാ ലീഗ് നേതാക്കളില്‍ ചിലരുടെ പരാതി. തദ്ദേശ സ്ഥാപനങ്ങളില്‍ അധ്യക്ഷസ്ഥാനം ഉള്‍പ്പെടെയുള്ള പദവികള്‍കൊപ്പം പാര്‍ട്ടി ഭാരവാഹി സ്ഥാനവും വഹിക്കുന്നതിനെ ചൊല്ലി വനിതാ ലീഗില്‍ വിവാദം കൊഴുക്കുകയാണ്.

വനിതാ ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റിയിലും മണ്ഡലം കമ്മിറ്റി ഭാരവാഹി സ്ഥാനമുള്ള ചിലര്‍ ഇരട്ട പദവി സംബന്ധിച്ച പാര്‍ട്ടി നയം പാലിക്കുന്നില്ലെന്ന് പരാതി. തദ്ദേശസ്ഥാപനങ്ങളില്‍ പദവി ലഭിച്ചവര്‍ പാര്‍ട്ടി ഭാരവാഹിത്വം രാജിവെക്കണമെന്നാണ് പാര്‍ട്ടി തീരുമാനം. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാക്കള്‍ പോലും ഇതിനെ തയ്യാറാകുന്നില്ല. വനിതാ ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കഴിഞ്ഞ ദിവസം ചേര്‍ന്ന വനിതാ ലീഗ് കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി യോഗത്തില്‍ ബുഷ്‌റ ഷബീര്‍ പാര്‍ട്ടി ഭാരവാഹി സ്ഥാനമൊഴിയണമെന്ന വനിതാ ലീഗിന്റെ ചുമതലയുള്ള എം എ ഖാദര്‍ ആവശ്യപ്പെട്ടെങ്കിലും ബുഷ്‌റ ഷബീര്‍ അതിനു തയ്യാറായില്ല. ബുഷ്‌റ ഷബീറിനോട് പാര്‍ട്ടി ഭാരവാഹി സ്ഥാനമൊഴിയണമെന്ന നിര്‍ദേശിക്കണമെന്ന് ജില്ലാ ലീഗ് നേതൃത്വത്തോട് ആവശ്യപ്പെടാനും വനിതാ ലീഗ് പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ട്.

വനിതാ ലീഗ് ജില്ലാ സെക്രട്ടറിയും ദലിത് ലീഗ് ജില്ലാ അധ്യക്ഷനുമായ ശ്രീദേവി പ്രാക്കുന്നം നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗം ആണ്. ഇവരും പാര്‍ട്ടി ഭാരവാഹി സ്ഥാനം ഒഴിഞ്ഞിടില്ല. മഞ്ചേരി മണ്ഡലം സെക്രട്ടറി ആസ്യ ടീച്ചര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ അംഗമാണ്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാജിത ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നസീബ, കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി പി വഹീദ, ജില്ലാ പഞ്ചായത്ത് അംഗം റൈഹാനത്ത് കുറുമാടന്‍ എന്നിവരെല്ലാം ഇപ്പോഴും ഇരട്ട പദവി വഹിക്കുന്നവരാണ്. വനിതാ ലീഗിന്റെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവരെ ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്. സാദിഖലി തങ്ങളുടെ ജാഥ വിജയിപ്പിക്കാനുള്ള യോഗങ്ങള്‍ വനിത ലീഗിന് നിയോജകമണ്ഡലത്തില്‍ ചേരാന്‍ പോലും വനിതാ ലീഗിനെ കഴിയാത്ത അവസ്ഥയാണുള്ളത്. തദ്ദേശസ്ഥാപനങ്ങളിലെ ബജറ്റ് തിരക്ക് പറഞ്ഞതാണ് ജില്ലാപഞ്ചായത്ത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ യോഗങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ വനിതാ ലീഗ് നേതാക്കളെ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇരട്ട പദവി കടുത്ത തിരിച്ചടിയാകുമെന്ന് വനിതാ ലീഗ് നേതാക്കള്‍ ഭയപ്പെടുന്നു. ചില നേതാക്കളെ സ്വാധീനിച്ച ഇരട്ട പദവിയില്‍ തുടരുകയാണ് ചില വനിത നേതാക്കള്‍ എന്നും പരാതി ഉണ്ട്. ഇരട്ട പദവിയില്‍ തുടരുന്ന വനിതാ ലീഗ് നേതാക്കളെ രാജിവയ്പ്പിക്കണമെന്ന ആവശ്യവുമായി സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ കാണാനുള്ള ഒരുക്കത്തിലാണ് വനിതാ ലീഗ് ഭാരവാഹികളിലെ ചിലര്‍.