മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ല: പിഎംഎ സലാം

വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ മുസ്ലിംലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Update: 2023-07-08 09:59 GMT

മലപ്പുറം: മറുനാടന്‍ മലയാളിയെയും ഷാജന്‍ സ്‌കറിയയെയും സംരക്ഷിക്കണമെന്ന നിലപാട് മുസ്ലിം ലീഗിനില്ലെന്നും സമൂഹത്തില്‍ വിഷം കലക്കാന്‍ സ്ഥാപനങ്ങളും ആളുകളും ശ്രമിക്കുന്നത് അംഗീകരിക്കില്ലെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറുനാടന്‍ മലയാളിയെ കുറിച്ച് മുസ്ലിംലീഗിന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. അദ്ദേഹത്തിന്റെ വീഡിയോകള്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതും ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുന്നതുമാണ്. ഒരു യൂട്യൂബ് ചാനലും തുറന്നുവെച്ച് എന്തും വിളിച്ചു പറയുന്നവരെ മാധ്യമപ്രവര്‍ത്തകരായി കാണാനാവില്ലെന്നും എന്നാല്‍ പോലീസിന്റെ അന്വേഷണത്തില്‍ അനീതിയുണ്ടെങ്കില്‍ അതവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പ് നേരിടാനുള്ള ഒരുക്കങ്ങള്‍ മുസ്ലിംലീഗ് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കേണ്ട ബാധ്യത മുസ്്ലിംലീഗിനുണ്ടെന്നും കഴിഞ്ഞ കാലങ്ങളിലെന്നപോലെ അതുമായി മുന്നോട്ടുപോകുമെന്നും സലാം പറഞ്ഞു.

ഏകസിവില്‍ കോഡിനെതിരായ പ്രതിഷേധ കൂട്ടായ്മയില്‍ ജനാധിപത്യ, മതേതരത്വ കക്ഷികളെയും വിശ്വാസ സ്വാതന്ത്ര്യം എന്ന ഭരണഘടനാ അവകാശം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന മുഴുവനാളുകളെയും പങ്കുചേര്‍ക്കണം. ഇതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ഉപയോഗിക്കരുത്. ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് സി.പി.എമിന്റെ ക്ഷണം ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃത്വം വളരെപ്പെട്ടെന്ന് തന്നെ ചര്‍ച്ച ചെയ്തുതീരുമാനമെടുക്കും. മുസ്്ലിംലീഗ് യു.ഡി.എഫ് ഘടക കക്ഷിയാണ്. വരുംവരായ്കകളെ കുറിച്ച് ചിന്തിച്ച് തീരുമാനമെടുക്കാന്‍ മുസ്്ലിംലീഗിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ കാര്യത്തില്‍ സി.പിഎമിന്റേത് കപടമുഖമാണ്. അതുകൊണ്ടാണ് ഇടതുപക്ഷ സര്‍ക്കാരിനെതിരെ മുസ്ലിംലീഗിന് നിരന്തരം സമരമുഖത്തിറങ്ങേണ്ടി വരുന്നത്. സി.എ.എ, എന്‍.ആര്‍.സി സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിച്ചില്ലെന്നതും മലബാറിലേക്ക് കൂടുതല്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കുന്നില്ലെന്നതുമെല്ലാം സി.പി.എമിന്റെ കപടമുഖം വ്യക്തമാക്കുന്നതാണ്.

മലബാറില്‍ മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും പ്ലസ് വണിന് അഡ്മിഷന്‍ ലഭിക്കാതെ നാല്പത്തി മൂവായിരം വിദ്യാര്‍ഥികളാണ് പുറത്തിരിക്കുന്നത്. 10 ാം തിയ്യതി മലബാറിലെ ആറ് ജില്ലകളിലും വിദ്യാഭ്യാസ ഉപജില്ലകളിലും ഉപരേധം നടത്തും. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കാണാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലയിലെ വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അരക്ഷിതാവസ്ഥ മുഖ്യമന്ത്രിയെ ബോധ്യപ്പെടുത്തും. നടപടിയുണ്ടായില്ലെങ്കില്‍തീക്ഷണമായ സമരപരിപാടികളിലേക്ക് പോകുമെന്നും കുട്ടികളുടെ ഭാവിയെ കണ്ടില്ലെന്ന് നടിക്കാന്‍ മുസ്്ലിംലീഗ് തയ്യാറല്ലെന്നും പി.എം.എ സലാം കൂട്ടിച്ചേര്‍ത്തു.


Tags:    

Similar News