അര്‍ജുനന്‍ മാസ്റ്റര്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ കടന്നു പോകുന്നത് സംഗീത സാന്ദ്രമായ കാലഘട്ടം

ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറ ഗാനങ്ങളാണ് അര്‍ജനന്‍ മാസ്റ്ററുടെ വിരലുകളില്‍ നിന്നും വിരിഞ്ഞിട്ടുള്ളത്.1958 ല്‍ നാടകത്തിലൂടെയായിരുന്നു സംഗീത മേഖലയിലേക്കുള്ള അര്‍ജുനന്‍ മാസ്റ്ററുടേ കടന്നുവരവ്.ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്.1968-ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അര്‍ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. പി ഭാസ്‌കരന്‍ എഴുതിയ പാട്ടുകള്‍ക്ക് അര്‍ജുന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയപ്പോള്‍ മലയാളികള്‍ അത് ഏറ്റെടുക്കുകയായിരുന്നു.ശ്രീകുമാരന്‍ തമ്പി-അര്‍ജുനന്‍ മാസ്റ്റര്‍ കൂട്ടുകെട്ടും ഒട്ടേറെ ഹിറ്റുകള്‍ക്ക് വഴിതെളിച്ചു

Update: 2020-04-06 05:11 GMT

കൊച്ചി: സംഗീത സംവിധായകന്‍ എം കെ അര്‍ജുന്‍ മാസ്റ്റര്‍ കാലയവനികയ്ക്കുള്ളില്‍ മറയുമ്പോള്‍ കടന്നു പോകുന്നത് സംഗീതാസ്വാദകര്‍ നെഞ്ചിലേറ്റിയ സംഗീത സാന്ദ്രമായ ഒരു കാലഘട്ടം കൂടിയാണ്.ഇന്നും മലയാളികളുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന ഒട്ടേറ ഗാനങ്ങളാണ് അര്‍ജനന്‍ മാസ്റ്ററുടെ വിരലുകളില്‍ നിന്നും വിരിഞ്ഞിട്ടുള്ളത്.1958 ല്‍ നാടകത്തിലൂടെയായിരുന്നു സംഗീത മേഖലയിലേക്കുള്ള അര്‍ജുനന്‍ മാസ്റ്ററുടേ കടന്നുവരവ്.നിരവധി നാടകങ്ങള്‍ക്ക് അര്‍ജുന്‍ മാസറ്ററുടെ സംഗീതം പൊലിമയേകി.നാടകരംഗത്തു പ്രവര്‍ത്തിക്കവേ, ദേവരാജന്‍ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയില്‍ അര്‍ജുനന്‍മാസ്റ്റര്‍ക്ക് അവസരമൊരുക്കിയത്.

ദേവരാജന്‍ മാഷിനു വേണ്ടി നിരവധി ഗാനങ്ങള്‍ക്ക് അദ്ദേഹം ഹര്‍മോണിയം വായിച്ചു.1968-ല്‍ 'കറുത്ത പൗര്‍ണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ അര്‍ജുനന്‍മാസ്റ്റര്‍ക്കു കഴിഞ്ഞു. ജീവിതം പകര്‍ത്തിയെഴുതിയ പോലെ പി ഭാസ്‌കരന്‍ എഴുതിയ പാട്ടുകള്‍ക്ക് അര്‍ജുന്‍ മാസ്റ്റര്‍ സംഗീതം നല്‍കിയപ്പോള്‍ മലയാളികള്‍ അത് ഏറ്റെടുക്കുകയായിരുന്നു.പിന്നീട് ശ്രീകുമാരന്‍ തമ്പിയുമായുള്ള അര്‍ജുന്‍ മാസ്റ്ററുടെ കൂട്ടുകെട്ടിലൂടെയും ഒട്ടേറെ ഹിറ്റു ഗാനങ്ങളുടെ പിറവിക്ക് വഴിയൊരുങ്ങി. എം കെ അര്‍ജുനന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങളില്‍ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരന്‍ തമ്പിയായിരുന്നു. വയലാര്‍, പി ഭാസ്‌കരന്‍, ഒ എന്‍ വി കുറുപ്പ് എന്നിവര്‍ക്കൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ ജെ യേശുദാസ്, പി ജയചന്ദ്രന്‍, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അധികവും ആലപിച്ചത്.


വര്‍ഷങ്ങള്‍ നീണ്ട സംഗീത ജീവിതത്തില്‍ അവസാനമായി അര്‍ജുന മാസാറ്റര്‍ സംഗീതം പകര്‍ന്നത് കുമാര്‍ നന്ദ സംവിധാനം ചെയ്ത വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍ എന്ന ചിത്രത്തിലെ രാജീവ് ആലുങ്കല്‍ രചിച്ച ഗാനങ്ങള്‍ക്കാണ്..ചിത്രീകരണം പൂര്‍ത്തീകരിച്ച ഈ ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തും.കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ വച്ച് കഴിഞ്ഞ വര്‍ഷമാണ് സംവിധായന്‍ കുമാര്‍ നന്ദയുടെ അഭ്യര്‍ഥന പ്രകാരം മുത്താരം കുന്നത്തെ എന്ന പ്രണയഗാനത്തിനും,മറ്റൊരു ക്രിസ്തീയ ഭക്തി സാന്ദ്രമായഗാനത്തിനുമാണ് അര്‍ജുന്‍ മാസ്റ്റര്‍ അന്ന് ഈണമിട്ടത്.

മനസിന് ഏറെ കുളിര്‍മ നല്‍കിയ ആ ധന്യ മുഹൂര്‍ത്തം മറക്കുവാനാവില്ല ഗാന രചയിതാവ് രാജീവ്ആലുങ്കല്‍ പറഞ്ഞു.എന്റെ രചനയിലും സംവിധാനത്തിലും പുറത്തിറങ്ങാനിരിക്കുന്ന വെള്ളാരം കുന്നിലെ വെള്ളിമീനുകള്‍ക്ക് സംഗീതം പകരുവാന്‍ അര്‍ജുനന്‍ മാസ്റ്റര്‍ എന്ന അതുല്യ കലാകാരനെ തന്നെ ലഭിച്ചതില്‍ ഏറെ സന്തോഷം തോന്നിയിട്ടുണ്ടെന്ന് സംവിധായകന്‍ കുമാര്‍ നന്ദ പറഞ്ഞു.തങ്ങള്‍ തമ്മിലുള്ള ആ അവസാന നിമിഷങ്ങള്‍ മനസില്‍ നിന്നും ഒരിക്കലും മായുന്നതല്ല .ചിത്രത്തിന്റെ ചിത്രീകരണ വേളയിലും മറ്റുമെല്ലാം എനിക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ ഉപദേശങ്ങളെന്നും കുമാര്‍ നന്ദ പറഞ്ഞു.

അര്‍ജുനന്‍ മാസ്റ്ററുടെ മൃതദേഹം പൂര്‍ണ ഒദ്യോഗിക ബഹുമതികളോടെ പള്ളുരുത്തിയിലെ പൊതു ശ്മശാനത്തില്‍ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയായിരിക്കും സംസ്‌കരിക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളും സംസ്‌കാര ചടങ്ങില്‍ ഉണ്ടാകും. 

Tags:    

Similar News