'കൊലയാളി കോണ്‍ഗ്രസ്, നിനക്കിതാ ഒരു ഇരകൂടി'; എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

Update: 2025-09-13 17:28 GMT

സുല്‍ത്താന്‍ ബത്തേരി: വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഇന്ന് ഉച്ചയോടെ പുല്‍പ്പള്ളിയിലെ വീട്ടില്‍ വച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച പത്മജയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 'കൊലയാളി കോണ്‍ഗ്രസ് നിനക്കിതാ ഒരു ഇരകൂടി' എന്നാണ് പത്മജ ആത്മഹത്യാക്കുറിപ്പ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമായിരുന്നു എന്‍ എം വിജയനും മകന്‍ വിജേഷും ആത്മഹത്യ ചെയ്തത്. കെപിസിസി നേതൃത്വം നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന ആരോപണവുമായി പത്മജ ഇന്നലെ രംഗത്തെത്തിയിരുന്നു.

പാര്‍ട്ടി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് എന്‍ എം വിജയനുണ്ടായ ബാദ്ധ്യതകളെല്ലാം ജൂണ്‍ മുപ്പതിനകം തീര്‍ക്കാമെന്ന തരത്തില്‍ പാര്‍ട്ടിയുമായി ധാരണാപത്രം ഉണ്ടാക്കിയെങ്കിലും ഇതുവരെ ഒന്നും നടന്നിട്ടില്ലെന്നായിരുന്നു പത്മജയുടെ ആരോപണം. ഭര്‍ത്താവ് വിജേഷിന് അസുഖംവന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട് ബുദ്ധിമുട്ടിലായിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. ആശുപത്രിയിലെ ബില്ലടക്കാമെന്ന് പറഞ്ഞ തുകപോലും നല്‍കിയില്ല. പി.വി അന്‍വറിനെ വിളിച്ചുപറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ആശുപത്രിയില്‍ വിളിച്ചുപറഞ്ഞിട്ടാണ് ഡിസ്ചാര്‍ജായി പോരാന്‍ സാധിച്ചത്. ആശുപത്രിയില്‍ നിന്നെത്തിയശേഷം പാര്‍ട്ടിയുമായി ഉണ്ടാക്കിയ ധാരണാപത്രം വാങ്ങാന്‍ അഭിഭാഷകന്റെ ഓഫീസിലെത്തിയെങ്കിലും ലഭിച്ചില്ല.

ധാരണാപത്രം പാര്‍ട്ടി പ്രസിഡന്റ് പഠിക്കാന്‍ വാങ്ങിയെന്നാണ് കല്‍പ്പറ്റ എം.എല്‍.എ പറഞ്ഞത്. കോണ്‍ഗ്രസ് പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ്. സത്യസന്ധമായി പ്രവര്‍ത്തിക്കുന്നവരെ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണ്. കള്ളന്‍മാര്‍ വെള്ളയുമിട്ട് നടക്കുന്നു. തങ്ങള്‍ താമസിക്കുന്ന വീടിരിക്കുന്ന സ്ഥലംപോലും ബാങ്കില്‍ പണയത്തിലാണെന്നും പത്മജ പറഞ്ഞിരുന്നു.