കൊലപാതകം, വധശ്രമ കേസുകളിലെ പ്രതി പിടിയില്‍

കേരളത്തിലെ വിവിധ ജില്ലകളില്‍ കാറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി ആണ് ഇയാള്‍.

Update: 2020-07-11 08:45 GMT

തിരുവനന്തപുരം: കൊലപാതകം, വധശ്രമം, മോഷണം, പിടിച്ചുപറി അടക്കം അനവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ചെമ്മരുതി വലിയവിള സ്വദേശി സിംപ്‌ളന്‍ എന്ന് വിളിക്കുന്ന സതീഷ് സാവനെ കല്ലമ്പലം പോലിസും പ്രത്യേക അന്വേഷണ സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. കേരളത്തിലെ വിവിധ ജില്ലകളില്‍ കാറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘത്തിലെ പ്രധാനി ആണ് ഇയാള്‍. തിരുവനന്തപുരം നഗരത്തില്‍ തമ്പാന്നൂര്‍, ഫോര്‍ട്ട്, നേമം, വിഴിഞ്ഞം സ്റ്റേഷനുകളിലും ആലപ്പുഴ, ചെങ്ങന്നൂര്‍, ചങ്ങാനാശേരി സ്റ്റേഷനുകളിലും അനവധി മാലമോഷണ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

ചിറയിന്‍കീഴ് കുഞ്ഞുമോന്‍ കൊലപാതകക്കേസിലെ പ്രതിയായ ഇയള്‍ക്കെതിരെ കല്ലമ്പലത്ത് കാര്‍ മോഷണത്തിന് കേസ് നിലനില്‍ക്കുന്നുണ്ട്. വധശ്രമത്തിനും അക്രമത്തിനും കഠിനംകുളം അയിരൂര്‍, കല്ലമ്പലം ,വലിയതുറ, അങ്കമാലി എന്നിവിടങ്ങളിലും കേസുകള്‍ നിലവിലുണ്ട്.ഈ വര്‍ഷം ജനുവരിയില്‍ പനയറ സ്വദേശി ആയ അജയനെ വധിക്കാന്‍ ശ്രമിച്ച കേസ്, അയിരൂര്‍ സ്വദേശി ആയ ശ്രീകണ്ഠന്‍ പോറ്റിയെ വധിക്കാന്‍ ശ്രമിച്ച കേസ്, കുന്നത്ത് മല കോളനി ഗ്രൗണ്ടില്‍ ബോംബെറിഞ്ഞ കേസ് എന്നിവയാണ് അവസാനമായി ഇയാള്‍ക്കെതിരെ ചുമത്തപ്പെട്ട കേസുകള്‍. തിരുവനന്തപുരം റൂറല്‍ ജില്ലാ മേധാവി ബി.അശോകന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഇയാള്‍ക്കെതിരെ ഗുണ്ടാ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.അതിന്റെ അടിസ്ഥനത്തിലാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി എസ്വൈ സുരേഷിന്റെ നേതൃത്വത്തില്‍ കല്ലമ്പലം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഐ ഫറോസ് , സബ്ബ് ഇന്‍സ്‌പെക്ടര്‍ ഗംഗാപ്രസാദ്, പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ഫിറോസ് ഖാന്‍ , ബിജു എ.എച്ച് , എഎസ്‌ഐമാരായ ബി ദിലീപ്, ആര്‍.ബിജുകുമാര്‍, എസ്സിപിഒ ഹരീന്ദ്രനാഥ് , സിപിഒമാരായ ഷാന്‍ ,സുരാജ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Similar News