കൊല്ലം: കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പോക്‌സോ കേസില്‍ അറസ്റ്റിലായ ജ്യോത്സ്യന്‍ 'വിഎസ് മുരാരി തന്ത്രി ' സോഷ്യല്‍ മീഡിയയിലെ റീല്‍സ് താരം. ഇന്‍സ്റ്റഗ്രാമില്‍ പതിനായിരക്കണക്കിന് ഫോളോവേഴ്‌സുള്ള മുരാരി തന്ത്രി റീല്‍സ് പങ്കുവെക്കുന്നത് പതിവാണ്. ആല്‍ബം ഗാനങ്ങള്‍ പശ്ചാത്തലമാക്കിയുള്ള റീലുകളാണ് ഏറെയും. ഇന്‍സ്റ്റഗ്രാമിന് പുറമേ, ഫേസ്ബുക്കിലും യൂട്യൂബിലും ഇയാള്‍ സജീവമാണ്. ഞായറാഴ്ച വൈകിട്ടാണ് കൊല്ലം വെണ്ടാര്‍ അരീക്കല്‍ സ്വദേശിയായ വിഎസ് മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജു ബാബു 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. മന്ത്രവാദം നടത്തി ബാധ ഒഴിപ്പിച്ചു തരാമെന്ന് വിശ്വസിപ്പിച്ചായിരുന്നു പീഡനശ്രമം നടന്നത്. 16കാരിയും അമ്മയും പ്രതിയുടെ അരീക്കലിലെ ജ്യോതിഷാലയത്തില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ മന്ത്രവാദം നടത്തി ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു.
രാവിലെ 11 മണിയോടെ ആണ് പെണ്‍കുട്ടിയും അമ്മയും ജ്യോതിഷാലയത്തില്‍ എത്തിയത്. മൂന്നുമണിയോടെ ആണ് ഇവര്‍ക്ക് ജ്യോത്സ്യനെ കാണാന്‍ അവസരം ലഭിച്ചത്. തുടര്‍ന്ന് ജ്യോത്സ്യന്‍ പെണ്‍കുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ പുറത്തേക്ക് വരാത്തതിനെ തുടര്‍ന്ന് അമ്മ അകത്ത് കയറി നോക്കിയപ്പോഴാണ് മകള്‍ കരഞ്ഞുകൊണ്ട് ദുരനുഭവം വിവരിച്ചത്.
സംഭവം പുറത്തറിഞ്ഞതോടെ ആളുകള്‍ വീടിനു മുന്നില്‍ തടിച്ചുകൂടുകയും പ്രതിഷേധിക്കുകയും ചെയ്തു. ഇതിനിടെ, പ്രതി രക്ഷപ്പെടുകയായിരുന്നു. ഫോണ്‍ സ്വിച്ച് ഓഫാക്കി ഒളിവില്‍ പോയ പ്രതിയെ പുത്തൂര്‍ പോലിസ് ഭരണക്കാവില്‍നിന്ന് പിടികൂടി.
