മുനമ്പം ഭൂമി തര്‍ക്കം: ജുഡീഷ്യല്‍ കമ്മീഷനെതിരേ വഖഫ് ബോര്‍ഡ് സുപ്രിം കോടതിയില്‍

Update: 2026-02-28 06:26 GMT

ന്യൂഡല്‍ഹി: മുനമ്പം ഭൂമി തര്‍ക്കത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച സംസ്ഥാന സര്‍ക്കാര്‍ നടപടിക്ക് എതിരേ കേരള വഖഫ് ബോര്‍ഡ്. ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന്‍ നായരെ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ നടപടി നിയമവിരുദ്ധമാണെന്ന് ബോര്‍ഡ് ആരോപിച്ചു. മുനമ്പം വിഷയത്തില്‍ സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നടപടിയെ കേരള വഖഫ് ബോര്‍ഡ് വിമര്‍ശിച്ചിരിക്കുന്നത്. മുനമ്പം ഭൂമി വഖഫ് ആണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് വഖഫ് ട്രിബ്യുണല്‍ ആണെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സിപിഎം നേതാവും പി.എസ്.സി മുന്‍ ചെയര്‍മാനുമായ എം കെ സക്കീര്‍ ചെയര്‍മാനായ സംസ്ഥാന വഖഫ് ബോര്‍ഡ് ആണ് മുനമ്പം വിഷയത്തില്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരുടെ അന്വേഷണത്തെ സുപ്രിം കോടതിയില്‍ എതിര്‍ക്കുന്നത്. വഖഫ് ആക്ടിന്റെ 83 (1) പ്രകാരം തര്‍ക്കമുള്ള വഖഫ് ഭൂമികളില്‍ അന്തിമ തീര്‍പ്പ് എടുക്കേണ്ടത് വഖഫ് ട്രിബ്യുണല്‍ ആണ്. കോടതികള്‍കള്‍ക്കോ, ജുഡീഷ്യല്‍ കമ്മീഷനോ അതിന് അധികാരമില്ലെന്ന് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോഴിക്കോട് വഖഫ് ട്രിബ്യുണലിന്റെ പരിഗണനയില്‍ മുനമ്പം തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ടെന്നും ഹരജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന ഹൈക്കോടതി വിധി തെറ്റാണ്. റിട്ട് അപ്പീലിലോ, റിട്ട് ഹരജിയിലൂടെയോ അല്ല വഖഫ് ഭൂമി കണ്ടെത്തേണ്ടത്. അതിനാല്‍, ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അഭിഭാഷകന്‍ കെ ആര്‍ സുഭാഷ് ചന്ദ്രന്‍ മുഖേന ഫയല്‍ ചെയ്ത ഹരജിയില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. സുപ്രധാനമായ ഈ കേസില്‍ ഹൈക്കോടതി തങ്ങളുടെ വാദം കേട്ടില്ലെന്നും വഖഫ് ബോര്‍ഡ് ആരോപിക്കുന്നു. മുനമ്പത്തെ ഭൂമി, വഖഫ് ഭൂമിയല്ലെന്ന ഉത്തരവിനെതിരെ കേരള ഹൈക്കോടതിയില്‍ പുനപരിശോധനാ ഹരജി ഫയല്‍ ചെയ്തിരുന്നു. സുപ്രിം കോടതിയില്‍ ഇതുമായി ബന്ധപ്പെട്ട മറ്റൊരു ഹരജി നിലനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി പുനപരിശോധന ഹരജി തീര്‍പ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് കേരള വഖഫ് ബോര്‍ഡ് സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. മുനമ്പം ഭൂമിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.