ഡാറ്റ ഉത്തരവ് പിന്‍വലിച്ച തീരുമാനം ധാര്‍മ്മിക വിജയം: മുല്ലപ്പള്ളി

സ്പ്രിങ്കളര്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഈ കമ്പനിയെ ഡാറ്റാ ശേഖരണത്തിന് പിന്നാമ്പുറങ്ങളിലൂടെ വീണ്ടും അവരോധിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണെങ്കില്‍ അതു കൊടിയവഞ്ചനയാണ്.

Update: 2020-04-13 12:00 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ പൗരന്‍മാരുടെ രഹസ്യവിവരങ്ങള്‍ വിവാദ പിആര്‍ കമ്പനിയായ സ്പ്രിങ്കളറിന് നേരിട്ട് കൈമാറാനുള്ള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചത് കേരളീയ പൊതുസമൂഹത്തിന്റെ പ്രബുദ്ധതയുടെ വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കോവിഡ് രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും വിവരങ്ങള്‍ അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്പ്രിങ്കളര്‍ എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്യണമെന്ന ഉത്തരവാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. സ്പ്രിങ്കളര്‍ കമ്പനിയും സംസ്ഥാന സര്‍ക്കാരും തമ്മിലുണ്ടാക്കിയ കരാറിന്റെ വിശദാംശങ്ങള്‍ പുറത്തുവിടണം. ഈ കമ്പനിയെ ഡാറ്റാ ശേഖരണത്തിന് പിന്നാമ്പുറങ്ങളിലൂടെ വീണ്ടും അവരോധിക്കാനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുകയാണെങ്കില്‍ അതു കൊടിയവഞ്ചനയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചില്‍. കമ്പനിയുടെ ഉദ്ദേശശുദ്ധിയില്‍ താനും മറ്റു പ്രതിപക്ഷനേതാക്കളും സംശയം പ്രകടിപ്പിച്ചപ്പോള്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും സ്പ്രിങ്കളര്‍ കമ്പനിയെ വെള്ളപൂശാനാണ് ശ്രമിച്ചത്. ഇതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ഇരുവരും വിശദീകരിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

സാമ്രാജത്വ താല്‍പ്പര്യങ്ങളുമായി ചേര്‍ന്നു പോകുന്ന സര്‍ക്കാരിനെ തുറന്നുകാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കളും പ്രതിപക്ഷ ഘടകക്ഷികളും കാട്ടിയ ജാഗ്രതയോടുള്ള നീക്കം ഫലം കണ്ടതിന് തെളിവാണ് ഉത്തരവില്‍ നിന്നും സര്‍ക്കാരിന്റെ പിന്‍മാറ്റം. ഡേറ്റാ കൈമാറാനുള്ള വിവാദ ഉത്തരവില്‍ നിന്നും തടിയൂരാനുള്ള സര്‍ക്കാരിന്റെ നടപടി കോണ്‍ഗ്രസിന്റെ ധാര്‍മ്മിക പോരാട്ടത്തിന്റെ വിജയമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

രാജ്യസുരക്ഷ അപകടപ്പെടുത്തി സിപിഎം നിയന്ത്രണത്തിലുള്ള ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പോലീസിന്റെ അതീവ രഹസ്യങ്ങള്‍ അടങ്ങുന്ന ഡേറ്റകള്‍ കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നടപടി മാസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് തുറന്നുകാട്ടിയതാണ്. അതേ തുടര്‍ന്നാണ് അത്യന്തം ആപല്‍ക്കരമായ തീരുമാനം റദ്ദാക്കിയത്.

സ്പ്രിങ്കളര്‍ ഒരു വിവാദ കമ്പനിയാണ്. 2016ലെ അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംമ്പിന് കൃത്രിമ വിജയം നേടാന്‍ സഹായിച്ച കമ്പനികളില്‍ ഒന്നാണ് സ്പ്രിങ്കളര്‍ എന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോവിഡ്ക്കാലത്ത് സഹായവുമായി ഇത്തരമൊരു കമ്പനി രംഗത്തുവന്നുയെന്നത് യാദൃശ്ചികമല്ല. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതന്‍മാര്‍ ഈ കമ്പനിയെ ക്ഷണിച്ചു കൊണ്ടുവരികയായിരുന്നു.

ഡാറ്റാ സ്‌ക്രേപ്പിംഗിലൂടെ ഒരു വ്യക്തിയെ സെന്റിമെന്റല്‍ അനാലിസിസ് നടത്തി സകലവിവരങ്ങളും കൈവശപ്പെടാത്താനാണ് ഈ കമ്പനിയിലൂടെ സര്‍ക്കാര്‍ ഉദ്ദേശിച്ചത്. നാം ജീവിക്കുന്ന ഈ കാലഘട്ടം ഡാറ്റയുഗമാണെന്നകാര്യം വിസ്മരിച്ചുകൂടാ. ഡാറ്റാ സംവിധാനത്തിലൂടെ വിസ്മയങ്ങള്‍ കാട്ടാന്‍ കഴിയും. കോണ്‍ഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധത്തിലൂടെയാണ് സര്‍ക്കാരിന്റെ ഗൂഢനീക്കം തകര്‍ക്കപ്പെട്ടത്.ഈ വിഷയം പുറത്തുകൊണ്ടുവന്ന പ്രതിപക്ഷ നേതാവിനേയും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയ മറ്റു ഘടകകക്ഷി നേതാക്കളെയും അഭിനന്ദിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News