യുഎപിഎ കേസ് എന്‍ഐഎക്ക് വിട്ടത് മുഖ്യമന്ത്രിയുടെ അറിവോടെ: മുല്ലപ്പള്ളി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസാദിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയും ഡിജിപിയും ചേര്‍ന്നു ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത്.

Update: 2020-02-04 14:15 GMT

തിരുവനന്തപുരം: സിപിഎം കുടുംബത്തിലെ അംഗങ്ങളും സജീവ പ്രവര്‍ത്തകരുമായിരുന്ന അലനേയും താഹയേയും മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ പ്രകാരം കേരള പോലിസ് അറസ്റ്റ് ചെയ്തശേഷം പിന്നീട് കേസ് എന്‍ഐഎയ്ക്കു വിട്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ആരും വിശ്വസിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലനേയും താഹയേയും കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി പലതവണ പറഞ്ഞിട്ടുണ്ട്. കേരള പോലിസ് അറിയാതെയും ബന്ധപ്പെട്ട ആരേയും അറിയിക്കാതെയും പൊടുന്നനവെ ഈ കേസ് എന്‍ഐഎ ഏറ്റെടുത്തതാണെന്ന വാദം അവിശ്വസനീയമാണ്. എന്‍ഐഎയില്‍ ഉന്നത പദവിയിലിരുന്ന കേരള ഡിജിപി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ തയ്യാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യുഎപിഎ ചുമത്തിയത് തന്നെ എന്‍ഐഎയ്ക്കു വിടുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസാദിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയും ഡിജിപിയും ചേര്‍ന്നു ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മാന്യത മുഖ്യമന്ത്രി കാട്ടണം. ഗവര്‍ണറുടെ കാര്യത്തിലും മുഖ്യമന്ത്രി ഇതേ ഒളിച്ചുകളി നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രീതിനേടാനാണ് ഗവര്‍ണറെ വിമര്‍ശിക്കുന്നതിന് പകരം മുഖ്യമന്ത്രി രമ്യതയില്‍ പോകുന്നത്.

സിപിഎം പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്ന യുഎപിഎയെന്ന കരിനിയമം ഉപയോഗിച്ച് യുവാക്കളെ അറസ്റ്റ് ചെയ്തതും കേസ് എന്‍ഐഎയ്ക്ക് വിട്ടതും മനുഷ്യാവകാശ ലംഘനമാണ്. കേരളീയ സമൂഹത്തോട് മുഖ്യമന്ത്രി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Tags: