മുല്ലപ്പെരിയാര്‍ ഡാം: സുപ്രീം കോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹം: എസ്ഡിപിഐ

കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഇരു സര്‍ക്കാരുകളും ചേര്‍ന്നു പരിഹാരം കാണണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Update: 2021-10-25 13:51 GMT

കൊച്ചി:ഒന്നേകാല്‍ നൂറ്റാണ്ട് കഴിഞ്ഞ മുല്ലപ്പരിയാര്‍ ഡാമിന്റെ സുരക്ഷയെപ്പറ്റി വലിയ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്ന് എസ്ഡിപിഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി. 50 വര്‍ഷം മാത്രം കാലാവധി ഉണ്ടായിരുന്ന ഡാമിന്റെ കാര്യ ക്ഷമത പരിശോധിക്കുന്നതിന് സുപ്രീംകോടതി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കണം. കാലപ്പഴക്കം മൂലം ഡാമിന് വലിയ വിള്ളലുകള്‍ സംഭവിച്ചിട്ടുണ്ട്.ഇത് പരിഹരിക്കുന്നതിന് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഷെമീര്‍ മാഞ്ഞാലി വ്യക്തമാക്കി.

മഴമൂലം ചില ഡാമുകള്‍ അല്‍പം തുറക്കുമ്പോള്‍ ഉണ്ടാകുന്ന പ്രളയം പോലും താങ്ങാന്‍ കേരളത്തിന് കഴിയില്ലെന്നിരിക്കെ, മുല്ലപ്പെരിയാര്‍ ഡാമിന്റെ തകര്‍ച്ചമൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ചിന്തകള്‍ക്കുമപ്പുറമാണ്.ഇടുക്കി,കോട്ടയം,എറണാകുളം,ആലപ്പുഴ,തൃശൂര്‍ ജില്ലകളെ സര്‍വ്വ നാശത്തിലേക്ക് തള്ളിവിടാന്‍ പോലും പ്രഹര ശേഷിയുള്ളതാണ് ഡാമിന്റെ തകര്‍ച്ചയെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.ജനങ്ങളുടെ ഭീതി അകറ്റാന്‍ ഉത്തരവാദിത്തപ്പെട്ട മുഖ്യമന്ത്രി അതിന് പകരം അത് ചര്‍ച്ച ചെയ്യുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന പ്രസ്താവന ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഷെമീര്‍ മാഞ്ഞാലി പറഞ്ഞു.

40 ലക്ഷം മനുഷ്യജീവനുകള്‍ പൊലിയും.നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട്, കൊച്ചി സ്മാര്‍ട് സിറ്റി,ഷിപ്യാര്‍ഡ്, ഹൈക്കോടതി ഉള്‍പ്പെടെ പ്രധാനപ്പെട്ട സ്ഥാപനങ്ങളും ഒലിച്ചു പോകും. 2018ലെ പ്രളയത്തില്‍ ഏകദേശ കണക്കനുസരിച്ച് 40000 കോടിയുടെ നഷ്ടവും 435 ജീവനുകളും ആണ് കേരളത്തിന് നഷ്ടപ്പെട്ടത്.എന്നിട്ടും കേരളത്തെ രണ്ടായി പിളര്‍ത്തുന്ന ഈ മഹാ വിപത്തിനെ മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാരുകള്‍ സിസ്സംഗത തുടരുകയാണ്.കേരളത്തിലെ ജനങ്ങളുടെ സുരക്ഷയും തമിഴ്‌നാടിന്റെ കൃഷിയും സംരക്ഷിക്കുന്ന തരത്തില്‍ മുല്ലപ്പെരിയാര്‍ ഡാം വിഷയത്തില്‍ ഇരു സര്‍ക്കാരുകളും ചേര്‍ന്നു പരിഹാരം കാണണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Tags: