മുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ നിര്‍ദേശം

Update: 2025-06-29 07:18 GMT

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിന്റെ 13 സ്പില്‍ വേ ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. ഉച്ചയ്ക്ക് 12 ന് ഷട്ടറുകള്‍ തുറക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും, 11. 35 ഓടെ ഷട്ടറുകള്‍ തുറക്കുകയായിരുന്നു. സെക്കന്റില്‍ 250 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. വൃഷ്ടിപ്രദേശത്ത് മഴ ശക്തമായ സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

അണക്കെട്ടിലെ നിലവിലെ ജല നിരപ്പ് 136. 25 അടി ആയതോടെയാണ് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ പെരിയാറില്‍ വളരെ താഴ്ന്ന നിലയിലാണ് ജലനിരപ്പുള്ളത്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എങ്കിലും പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

തമിഴ്‌നാട് ടണല്‍ മാര്‍ഗം കൊണ്ടുപോകുന്നത് സെക്കന്റില്‍ 2117 ഘനയടി വെള്ളമാണ്. കനത്തമഴയെത്തുടര്‍ന്ന് അണക്കെട്ടിലേയ്ക്ക്് ഒഴുകിയെത്തുന്നത് 3867 ഘനയടി വെള്ളമാണ്. അണക്കെട്ടിന്റെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം 136 അടി വെള്ളമാണ് തമിഴ്‌നാടിന് സംഭരിക്കാന്‍ കഴിയുക. ശനിയാഴ്ച രാത്രി പത്തുമണിയോടെയാണ് ജലനിരപ്പ് 136 അടിയിലെത്തിയത്.

ഇതേത്തുടര്‍ന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന് തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ രാത്രിയില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പെരിയാര്‍ നദിയിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. മറ്റ് ബന്ധുവീടുകളിലേക്ക് മാറിത്താമസിക്കാന്‍ കഴിയാത്തവര്‍ക്കായി 20 താല്‍ക്കാലിക ദുരിതാശ്വാസ ക്യാംപുകളും ഇടുക്കി ജില്ലാ ഭരണകൂടം സജ്ജമാക്കിയിട്ടുണ്ട്.




Tags: