കൊറോണയുടെ മറവില്‍ ശ്രീറാമിനെ തിരിച്ചെടുത്ത നടപടി അനീതി: മുല്ലപ്പള്ളി

പ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം.

Update: 2020-03-22 11:45 GMT

തിരുവനന്തപുരം: ഭീതി നിറഞ്ഞു നില്‍ക്കുന്ന കൊറോണക്കാലം, നീതിനിഷേധത്തിനും അധാര്‍മ്മിക പ്രവര്‍ത്തനം നടത്താനുമുള്ള ഒരു മറയാക്കാൻ കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്നതിന് തെളിവാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിനെ ക്രമവിരുദ്ധമായി തിരിച്ചെടുക്കാനുള്ള തീരുമാനമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച ദുരന്തമായിരുന്നു കെ എം ബഷീറെന്ന യുവപത്രപ്രവര്‍ത്തകന്റെ നിര്യാണം. ശ്രീറാം വെങ്കിട്ടരാമനെന്ന ഐഎഎസ് ഉദ്യഗസ്ഥന്‍ അര്‍ധരാത്രിയില്‍ മദ്യപിച്ച് ലക്കും ലഗാനുമില്ലാതെ വാഹനമോടിച്ച് ഇടിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. ക്രിമിനല്‍ നടപടി നേരിടുന്ന ശ്രീറാമിന് കോവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തന ചുമതല നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

തുടക്കം മുതല്‍ എല്ലാ തെളിവുകളും നശിപ്പിച്ച് പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പരക്കെ വിമര്‍ശനം ഉണ്ടായിരുന്നു. പ്രഗല്‍ഭരായ നിരവധി ഡോക്ടര്‍മാര്‍ സിവില്‍ സര്‍വീസില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ധൃതിപിടിച്ച് ശ്രീറാമിനെ നിയമിക്കാനുള്ള സാഹഹചര്യം എന്താണെന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. സമൂഹത്തിന് മാതൃകയാകേണ്ട ഒരു ഉദ്യോഗസ്ഥന്‍ അക്ഷന്ത്യവമായ തെറ്റുചെയ്തിട്ട് പോലും അദ്ദേഹത്തെ ന്യായീകരിക്കുന്നത് നീതിബോധമുള്ള കേരളീയ സമൂഹത്തെ പരിഹസിക്കുന്നതിന് തുല്യമാണ്.

ചിഫ് സെക്രട്ടറി അധ്യക്ഷനായ ഉദ്യോഗസ്ഥ സമിതിയുടെ ശുപാര്‍ശയും പരിഗണിച്ചാണ് ഇപ്പോഴത്തെ നടപടിയെന്നാണ് പറയപ്പെടുന്നത്. മാധ്യമപ്രവര്‍ത്തകരുടെ ശക്തമായ എതിര്‍പ്പ് മറികടന്നാണ് സര്‍ക്കാരിന്റെ നടപടി. കേസ് തീര്‍പ്പാക്കുന്നത് വരെ ശ്രീറാമിനെ മാറ്റി നിര്‍ത്താനുള്ള മാന്യതയും നീതിബോധവുമായിരുന്നു സര്‍ക്കാര്‍ കാണിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Tags:    

Similar News