പതാക വിവാദം: അനാവശ്യ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് എംഎസ്എഫ്

ചില പ്രത്യേക ഉദ്ദേശത്തോടുകൂടി നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ സമൂഹം തള്ളിക്കളയും. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മിസ്ഹബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

Update: 2019-08-31 15:01 GMT

കോഴിക്കോട്: പേരാമ്പ്ര സില്‍വര്‍ കോളജില്‍ കാംപസ് ഇലക്ഷന്‍ പ്രചാരണത്തില്‍ ഉപയോഗിച്ച എംഎസ്എഫ് പതാകയുമായി ബന്ധപ്പെട്ട് ആരോഗ്യകരമല്ലാത്ത ചര്‍ച്ചകള്‍ക്ക് വഴിതെളിയിച്ച് അനാവശ്യ പ്രചരണം നടത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ പറഞ്ഞു. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കാന്‍ കഴുക കണ്ണുമായി കാത്തിരിക്കുന്നവരുടെ കെണിയില്‍ ഉത്തരവാദിത്തപ്പെട്ട സംഘടനകള്‍ വീഴരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ചില പ്രത്യേക ഉദ്ദേശത്തോടുകൂടി നടക്കുന്ന ദുഷ്പ്രചരണങ്ങള്‍ സമൂഹം തള്ളിക്കളയും. ഇത്തരം പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണം. വിഷയവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മിസ്ഹബ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കൃത്യമായ അളവും വലിപ്പവും മാനദണ്ഡമാക്കിയുള്ള പതാകയല്ല അവിടെ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് വലിയ കൊടികള്‍ വീശിയും തോരണങ്ങള്‍ കെട്ടിയുമുള്ള പ്രചാരണം നടക്കാറുണ്ട്. മറ്റു സംഘടനകളും ഇത്തരത്തില്‍ വലിയ കൊടികള്‍ ഉപയോഗിക്കാറുണ്ട്. പതാകയുടെ ഘടനയില്‍ മാറ്റം വരുത്തിയാണ് മിക്ക സംഘടനകളും പ്രചാരണത്തിനുപയോഗിക്കാറുള്ളത്. അളവും കൃത്യതയുമൊക്കയാണ് ഏതൊരു പതാകയുടെയും ഔദ്യോഗികതയുടെ മാനദണ്ഡങ്ങളാക്കുന്നതെന്നതിനാല്‍ മറ്റൊരു രാഷ്ട്രത്തിന്റെ പതാകയോട് ഉപമിച്ചുള്ള ആരോപണം വില കുറഞ്ഞതാണ്.

പ്രവര്‍ത്തകര്‍ ഉപയോഗിച്ച പതാകയില്‍ മുകളില്‍ പച്ചയും താഴെ വെള്ളയുമുള്ള എംഎസ്എഫ് പതാകയുടെ പ്രതീകാത്മക കൊടിയാണ് വടിയില്‍ കെട്ടി വീശിയത്. അത് ചിത്രങ്ങളില്‍ വ്യക്തവുമാണ്. പിന്നീട് വടി പൊട്ടിയപ്പോള്‍ ഇരു വശങ്ങളിലായി നിറങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചിലര്‍ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുകയാണ്. അനാവശ്യ വിവാദമുണ്ടാക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിലെന്ന് ജനാധിപത്യ വിശ്വാസികള്‍ തിരിച്ചറിയണമെന്നും മിസ്ഹബ് കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി എ പി അബ്ദുസ്സമദ്, ജില്ലാ പ്രസിഡന്റ് അഫ്‌നാസ് ചോറോട്, സെക്രട്ടറി സ്വാഹിബ് മുഹമ്മദ് സംബന്ധിച്ചു. 

Tags:    

Similar News