പിഴയിൽ ഇളവുതേടാൻ കേരളം; ഗതാഗത സെക്രട്ടറിയോട് മന്ത്രി റിപ്പോർട്ട് തേടി
ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങൾ പിഴത്തുക പകുതിയായി കുറച്ച് ഉത്തരവിറക്കിയത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയോട് മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
തിരുവനന്തപുരം: മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിക്ക് തിരുത്തൽ വരുത്താൻ കേരളം ആലോചിക്കുന്നു. കൂടിയ പിഴത്തുക കുറയ്ക്കുന്നതിനുള്ള മാർഗങ്ങളാണ് തേടുന്നത്. ഭരണപക്ഷത്ത് നിന്നുൾപ്പടെ വിമർശനം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഗതാഗത വകുപ്പ് കഴിഞ്ഞ ദിവസം നിയമോപദേശം തേടിയിരുന്നു.
ഗുജറാത്ത് അടക്കമുള്ള ചില സംസ്ഥാനങ്ങൾ പിഴത്തുക പകുതിയായി കുറച്ച് ഉത്തരവിറക്കിയത് പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഗതാഗത സെക്രട്ടറിയോട് മന്ത്രി എ.കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു. പിഴത്തുകയിൽ കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കാനും തീരുമാനിച്ചിട്ടുണ്ട്. പിഴ തുകയിലെ വർധനവ് പുനരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പരസ്യമായി രംഗത്തുവന്നിരുന്നു.