അമ്മയെ കടിച്ച പേപ്പട്ടിയെ വലിച്ചെറിഞ്ഞു; മകള്‍ ജിതിനയുടെ ധീരത രക്ഷയായി
പരപ്പനങ്ങാടി കരിങ്കല്ലത്താണി കാളികാവിന് സമീപം താമസിക്കുന്ന തറയിലൊടി വാസു- യശോദ ദമ്പതികളുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ജിതിനയാണ് അമ്മയെ ആക്രമിച്ച നായയെ കീഴ്‌പ്പെടുത്തി ധീരത കാണിച്ചത്.
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: പേയിളകിയ നായ അമ്മയെ കടിച്ചുകുടഞ്ഞപ്പോള്‍ അമാന്തിച്ചുനില്‍ക്കാതെ രക്ഷകയായെത്തിയത് മകള്‍. പരപ്പനങ്ങാടി കരിങ്കല്ലത്താണി കാളികാവിന് സമീപം താമസിക്കുന്ന തറയിലൊടി വാസു- യശോദ ദമ്പതികളുടെ മകളും പത്താം ക്ലാസ് വിദ്യാര്‍ഥിനിയുമായ ജിതിനയാണ് അമ്മയെ ആക്രമിച്ച നായയെ കീഴ്‌പ്പെടുത്തി ധീരത കാണിച്ചത്. ഇന്നലെ വൈകീട്ട് നാലുമണിയോടെ ഇറങ്ങിയ ഭ്രാന്തന്‍ നായ നിരവധി പേരെയാണ് കടിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ആക്രമിച്ചതിന് ശേഷം ഇവരുടെ വീട്ടിലെത്തിയ നായ അമ്മ യശോദയുടെ തുടയ്ക്ക് കടിച്ചുതൂങ്ങുകയായിരുന്നു.
അമ്മയുടെ നിലവിളി കേട്ടത്തിയ ജിതിന അല്‍പംപോലും ശങ്കിച്ചുനില്‍ക്കാതെ നായയുടെ പുറംപിടിച്ച് വലിച്ചെങ്കിലും പിടിത്തംവിട്ടില്ല. അടിച്ചും തൊഴിച്ചും നായയില്‍നിന്ന് അമ്മയെ രക്ഷപ്പെടുത്തിയപ്പോള്‍ ആക്രമണം ജിതിനയ്ക്ക് നേരെയായി. വസ്ത്രം മുഴുവന്‍ മാന്തിക്കീറിയ നായയെ ജിതിന പിടിച്ച് വലിച്ചെറിഞ്ഞു. ഇതോടെ അക്രമകാരിയായ നായ ഇവരെ ഉപേക്ഷിച്ച് ഓടിമറയുകയായിരുന്നു. പരിക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരിക്കുകയാണ്. മകളുടെ ധീരതയാണ് താന്‍ രക്ഷപ്പെടാന്‍ കാരണമെന്ന് മാതാവ് യശോദ പറഞ്ഞു.
എന്നാല്‍, ഇവരെ ആക്രമിച്ച നായ പിന്നീട് പുഴയ്ക്ക് കുറുകെയുള്ള കൈവരിയിലിരിക്കുകയായിരുന്ന മൂന്ന് ആണ്‍കുട്ടികളിലൊരാളെയും കടിച്ചു. കൂടെയുള്ളവര്‍ കൂട്ടുകാരനെ ആക്രമിക്കുന്നതുകണ്ട് ഭയന്ന് ഓടിപ്പോയ ഇടത്താണ് പെണ്‍കുട്ടിയുടെ ധൈര്യം നാട്ടില്‍ ചര്‍ച്ചയായിരിക്കുന്നത്. അമ്മയെ രക്ഷിച്ച ജിതിന നാട്ടിലെങ്ങും ഇതിനകം താരമായി മാറിയിരിക്കുകയാണ്. ഇന്നലെ വൈകീട്ട് തുടങ്ങിയ നായയുടെ ആക്രമണത്തില്‍ അഞ്ചുപേര്‍ക്കാണ് പരിക്കേറ്റത്. എല്ലാവരും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടി.
