കാസര്‍കോട് നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റില്‍

തിരച്ചില്‍ നടത്തിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം കഴുത്തില്‍ വയര്‍ ചുറ്റി തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെറിയ വയര്‍ കഴുത്തില്‍ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

Update: 2021-01-07 06:43 GMT

കാസര്‍കോട്: ബദിയടുക്ക ചെടേക്കാലില്‍ നവജാത ശിശുവിനെ കൊലപ്പെടുത്തിയ കേസില്‍ അമ്മ അറസ്റ്റിലായി. കാസര്‍കോട് ചെടേക്കാലിലെ ഷാഫിയുടെ ഭാര്യ ഷാഹിനയാണ് അറസ്റ്റിലായത്. കുഞ്ഞിന്റെ കഴുത്തില്‍ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പോലിസിന്റെ കണ്ടെത്തല്‍. ഡിസംബര്‍ 15നാണ് കേസിനാസ്പദമായ സഭവം. രക്തസ്രാവത്തെത്തുടര്‍ന്ന് ഷാഹിനയെ ചെങ്കളയിലെ സ്വകാര്യാശുപത്രിയിലെത്തിച്ചപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി പ്രസവിച്ചതായി വ്യക്തമായത്.

ഗര്‍ഭിണിയായിരുന്നെന്ന് യുവതി പറഞ്ഞില്ലെങ്കിലും പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തിരച്ചില്‍ നടത്താന്‍ ആവശ്യപ്പെട്ടു. പിന്നീട് തിരച്ചില്‍ നടത്തിയപ്പോള്‍ കുഞ്ഞിന്റെ മൃതദേഹം കഴുത്തില്‍ വയര്‍ ചുറ്റി തുണിയില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ചെറിയ വയര്‍ കഴുത്തില്‍ മുറുകിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമായിരുന്നു.

ചോദ്യം ചെയ്യലില്‍ അമ്മയാണ് കൊലയ്ക്ക് പിന്നിലെന്ന നിഗമനത്തില്‍ പോലിസെത്തുകയായിരുന്നു. കൊലപാതകത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. കൃത്യത്തിന് ആരെങ്കിലും സഹായിച്ചോ എന്നും പോലിസ് അന്വേഷിക്കുന്നുണ്ട്. ഗര്‍ഭിണിയായത് മറച്ചുവച്ചെന്നാണ് യുവതിയുടെ ഭര്‍ത്താവും ബന്ധുക്കളും പറയുന്നത്. വീട്ടിലുള്ളവര്‍ മറ്റൊരു വീട്ടിലേക്ക് പോയ സമയത്തായിരുന്നു പ്രസവം.

Tags: