പാനൂരിനടുത്ത് പള്ളിക്കു നേരെ ആക്രമണം; യുവാവ് അറസ്റ്റില്‍

സിപിഎം പ്രവര്‍ത്തകനും നിരവധി അക്രമക്കേസുകളിലെ പ്രതിയുമായ ചീളില്‍ സമീറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചത്

Update: 2019-09-10 11:43 GMT

കണ്ണൂര്‍: പാനൂരിനടുത്ത് മുസ് ലിം പള്ളിക്കു നേരെ ആക്രമണം നടത്തിയ സംഭവത്തില്‍ പ്രതിയെ നാട്ടുകാര്‍ പിടികൂടി. സിപിഎം പ്രവര്‍ത്തകനും നിരവധി അക്രമക്കേസുകളിലെ പ്രതിയുമായ ചീളില്‍ സമീറിനെയാണ് നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചത്. പാനൂരിനടുത്ത് ചെറുപ്പറമ്പ് കമ്മള്ളില്‍ പള്ളിക്കുനേരെയാണ് ഉത്രാടദിനത്തില്‍ അര്‍ധരാത്രി ആക്രമണമുണ്ടായത്. പള്ളിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ക്കുകയും കിടന്നുറങ്ങുകയായിരുന്ന ഇമാമിനെ വിളിച്ചുണര്‍ത്തി ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കഴുത്തിന് പിടിച്ചതിനെ തുടര്‍ന്ന് പള്ളി ഇമാം ഓടിരക്ഷപ്പെടുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ കൈയോടെ പിടികൂടി പോലിസിലേല്‍പ്പിച്ചത്. മുസ് ലിം ലീഗ് പ്രവര്‍ത്തകന്‍ പറമ്പഞ്ചേരി മഹ്മൂദിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയാണ് ചീളില്‍ സമീറെന്ന് പോലിസ് വ്യക്തമാക്കി. വിവരമറിഞ്ഞ് കോണ്‍ഗ്രസ്, സിപിഎം, മുസ് ലിംലീഗ്, ബിജെപി, ജനതാദള്‍ നേതാക്കള്‍ സ്ഥലത്തെത്തി.

Tags: