സമ്പർക്കത്തിലൂടെ കൊറോണ വ്യാപനം; തലസ്ഥാനത്ത് കൂടുതൽ പ്രദേശങ്ങൾ കണ്ടെയിൻമെൻ്റ് സോണിൽ

തിരുവനന്തപുരം നഗരത്തിൽ സമ്പർക്കം മൂലം ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങളുമായി നഗരസഭ.

Update: 2020-07-05 05:30 GMT

തിരുവനന്തപുരം: തലസ്ഥാനത്ത് സമ്പർക്കത്തിലൂടെയുള്ള കൊറോണ വ്യാപനം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ പ്രദേശങ്ങളെ കൂടി കണ്ടെയിൻമെൻ്റ് സോണിൽ ഉൾപ്പെടുത്തിയതായി ജില്ലാ കലക്ടർ ഡോ. നവജ്യോത് ഖോസ അറിയിച്ചു. വെള്ളനാട് ഗ്രാമപഞ്ചായത്തിലെ വാർഡ് നമ്പർ 12-ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും വാർഡ് നമ്പർ 13- കണ്ണമ്പള്ളിയും. തിരുവനന്തപുരം കോർപ്പറേഷനിലെ പാളയം വാർഡിലെ (നമ്പർ-27) പാളയം മാർക്കറ്റിനോട് ചേർന്നുള്ള വാണിജ്യ മേഖല (അയ്യങ്കാളി ഹാൾ, ജൂബിലി ആശുപത്രി ഉൾപ്പെടെ). ഈ മേഖലകളിൽ പൊതുജനങ്ങൾ കടുത്ത ജാഗ്രത പാലിക്കണമെന്നും അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്നും അറിയിപ്പിൽ പറയുന്നു.

അതേസമയം, തിരുവനന്തപുരം നഗരത്തിൽ സമ്പർക്കം മൂലം ഇന്നലെ നാല് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്ൻമെന്റ് സോണുകളിലടക്കം വീണ്ടും നിയന്ത്രണങ്ങളുമായി നഗരസഭ. പാളയം മത്സ്യ മാർക്കറ്റിന് പിറകിൽ താമസിച്ചിരുന്ന ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്ക്ക് കൊവിഡ് സ്ഥിതീകരിച്ച സാഹചര്യത്തിൽ നഗരത്തിലെ കണ്ടെയ്മെന്റ് സോണുകളിൽ ഓൺലൈൻ ഭക്ഷണ വിതരണം കണ്ടെയ്ൻമെന്റ് സോൺ നീങ്ങുന്നത് വരെ നിർത്തി വെക്കുമെന്ന് മേയർ കെ ശ്രീകുമാർ അറിയിച്ചു.

നഗരത്തിന്റെ മറ്റ് പ്രദേശങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണത്തിന് ക്യാഷ്‌ ഓൺ ഡെലിവറിയും അനുവദിക്കില്ല. ഭക്ഷണ വിതരണം നടത്തുന്നവർ വീടുകളിൽ കയറാൻ പാടില്ല. വീടിന് പുറത്ത് ഭക്ഷണം സ്വീകരിക്കുന്നതിനായി വീട്ടുകാർ പ്രത്യേകം സൗകര്യം ഒരുക്കണം. ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ കൃത്യമായ മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ ക്രമീകരണങ്ങൾ നിർബന്ധമായും ധരിക്കണം.

പൂന്തുറ മേഖലയിൽ സമ്പർക്കം മൂലം രണ്ട് കേസുകൾ കൂടി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൂന്തുറ ഹെൽത്ത് സർക്കിൾ കേന്ദ്രീകരിച്ച് നഗരസഭയുടെ പ്രത്യേക കണ്ട്രോൾ റൂം തുറക്കുമെന്നും മേയർ അറിയിച്ചു. പൂന്തുറ മേഖലയിലുള്ള ആളുകൾക്ക് കോവിഡുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും പരിഹരിക്കുന്നതിനായി ഈ കണ്ട്രോൾ റൂം സേവനം പ്രയോജനപ്പെടുത്താം.

നഗരത്തിലെ നിയന്ത്രണങ്ങൾ ഉറപ്പാക്കുന്നതിനായി നഗരസഭ നേരത്തെ പ്രഖ്യാപിച്ച നാല് ഹെൽത്ത് സ്ക്വാഡുകൾക്ക് പുറമെ പൂന്തുറ കേന്ദ്രീകരിച്ച് ഒരു സ്‌പെഷ്യൽ സ്ക്വാഡ് കൂടി പ്രവർത്തിക്കുമെന്നും മേയർ പറഞ്ഞു. പൂന്തുറ മേഖലയിലെ ആളുകളിൽ നിന്ന് കോവിഡിനെതിരെ ജാഗ്രതക്കുറവ് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ഈ മേഖലയിലെ ആളുകൾ ഗൗരവത്തോട് കൂടി സാഹചര്യം മനസ്സിലാക്കി പെരുമാറണമെന്നും മേയർ അഭ്യർത്ഥിച്ചു.

നഗരത്തിലെ മുഴുവൻ കടകൾക്കും തുറന്ന് പ്രവർത്തിക്കാവുന്ന സമയം നഗരസഭ ഏഴ് മണി വരെയായി നിജപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്നലെ ഏഴ് മണിക്ക് ശേഷം നഗരസഭാ പരിധിയിലെ 80 ശതമാനം കടകളും തീരുമാന പ്രകാരം അടച്ചിട്ടു നിയന്ത്രണങ്ങളോട് സഹകരിച്ചു. സമയ പരിധി കഴിഞ്ഞും തുറന്ന് പ്രവർത്തിച്ച ചുരുക്കം കടകൾക്കും, തട്ടുകടകൾക്കും നഗരസഭാ ആരോഗ്യ വിഭാഗവും പോലിസും ചേർന്ന് മുന്നറിയിപ്പ് നൽകി. പൂന്തുറ കേന്ദ്രീകരിച്ചുള്ള കണ്ട്രോൾ റൂം നമ്പർ: 9496434411, 9447200043.


Tags:    

Similar News