സംസ്ഥാനത്തെ റേഷൻ വിതരണത്തിൽ ഈമാസവും വൻവർധന

ഉടമകൾ ഈ മാസത്തെ റേഷൻ വാങ്ങി. ആകെയുള്ള 87.28 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 65.10 ലക്ഷം പേർ റേഷൻ വാങ്ങിയതായാണു സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്.

Update: 2020-05-19 09:30 GMT

തിരുവനന്തപുരം: മുന്‍ മാസത്തേതുപോലെ ഈ മാസവും റേഷൻ വിതരണത്തിൽ വൻ വർധന. വിതരണം ആരംഭിച്ച് 10 ദിവസത്തിനകം 74.57 ശതമാനം റേഷൻ കാർഡ് ഉടമകൾ ഈ മാസത്തെ റേഷൻ വാങ്ങി. ആകെയുള്ള 87.28 ലക്ഷം റേഷൻ കാർഡ് ഉടമകളിൽ 65.10 ലക്ഷം പേർ റേഷൻ വാങ്ങിയതായാണു സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക്. എല്ലാ വിഭാഗങ്ങൾക്കും സൗജന്യ റേഷൻ വിതരണം ഉണ്ടായിരുന്ന കഴിഞ്ഞ മാസം 97 ശതമാനം പേർ റേഷൻ വാങ്ങിയതായാണു സർക്കാർ കണക്ക്.

ഇതിൽ അപാകതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്ന് 90 ശതമാനത്തിലേറെ വിതരണം നടന്ന റേഷൻ കടകൾ പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതേസമയം, സംസ്ഥാന സർക്കാരിന്റെ സൗജന്യ പലവ്യഞ്ജന കിറ്റ് 25 ലക്ഷം വരുന്ന മുൻഗണനേതര എൻപിഎസ് (നീല) കാർഡ് ഉടമകളിൽ 23.59 ലക്ഷം പേർ വാങ്ങി. മുൻഗണനേതര വിഭാഗത്തിലെ 26 ലക്ഷത്തോളം വരുന്ന എൻപിഎൻഎസ് (വെള്ള) കാർഡ് ഉടമകളിൽ ഇതുവരെ കിറ്റ് വാങ്ങിയത് 3.28 ലക്ഷം പേരാണ്.

വെള്ള കാർഡ് ഉടമകൾക്കുള്ള കിറ്റ് വിതരണം 20 വരെ തുടരും. 21 മുതൽ എഎവൈ (മഞ്ഞ), സബ്‌സിഡി വിഭാഗം (പിങ്ക്) കാർഡ് ഉടമകൾക്കു കേന്ദ്ര സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം ആരംഭിക്കും. അതേസമയം ലോക്ഡൗൺ കാലത്ത് അപേക്ഷിച്ച് 24 മണിക്കൂറിനകം അനുവദിച്ച റേഷൻ കാർഡുകൾ സജീവമാക്കുന്ന (ആക്ടീവ്) നടപടികൾ 20നു പൂർത്തിയാക്കുമെന്നു സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. ഇതിനുള്ള നിർദേശം നാഷനൽ ഇൻഫോർമാറ്റിക് സെന്ററിനു നൽകി. ലോക്ഡൗൺ കാലത്ത് മെയ് 1 വരെ അനുവദിച്ച 16,938 കാർഡുകളാണു പ്രവർത്തനക്ഷമമാക്കുക.

ഓരോ ദിവസവും അനുവദിക്കുന്ന കാർഡുകൾ സാധുവാക്കുക ശ്രമകരമായതിനാലാണ് ഇവ കൂട്ടത്തോടെ ചെയ്യാൻ ഒരു ദിവസം നിശ്ചയിച്ചതെന്ന് അധികൃതർ പറഞ്ഞു. 24 മണിക്കൂറിനകം കാർഡുകൾ അനുവദിച്ചിട്ടും ആക്ടീവാകുന്നില്ലെന്നു പരാതികൾ ഉയർന്നിരുന്നു.

Tags:    

Similar News