ഉദ്യോഗസ്ഥരുടെ അലംഭാവം: കര്‍ഷക വായ്പകളില്‍ മൊറട്ടോറിയം പ്രഖ്യാപിച്ച ഉത്തരവിറങ്ങിയില്ല

ഉത്തരവ് പ്രാബല്യത്തിലാവാന്‍ തിരഞ്ഞെടുപ്പ് കഴിയണം. മന്ത്രിസഭാ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിക്കാന്‍ വരുത്തിയ കാലതാമസമാണ് ഉത്തരവ് വൈകിപ്പിച്ചത്.

Update: 2019-03-19 11:08 GMT

തിരുവനന്തപുരം: കാര്‍ഷിക വായ്പകളില്‍ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചെങ്കിലും ഉത്തരവിറങ്ങാന്‍ ഇനിയും വൈകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരുമാറ്റചട്ടം നിലവില്‍ വന്നതിനാല്‍ ഉത്തരവിറങ്ങാന്‍ തിരഞ്ഞെടുപ്പ് കഴിയും വരെ കാത്തിരിക്കണം. ഉദ്യോഗസ്ഥ തലത്തിലുണ്ടായ അലംഭാവമാണ് ഉത്തരവ് വൈകാന്‍ കാരണമായത്. മന്ത്രിസഭാ തീരുമാനം സ്‌ക്രീനിങ് കമ്മിറ്റിക്ക് മുന്നിലെത്തിക്കാന്‍ വരുത്തിയ കാലതാമസമാണ് ഉത്തരവ് വൈകിപ്പിച്ചത്.

കടക്കെണിയിലായി ആത്മഹത്യയുടെ വക്കിലെത്തിയ കര്‍ഷകര്‍ക്ക് ആശ്വാസമായ തീരുമാനമാണ് ഉദ്യോഗസ്ഥരുടെ അലംഭാവത്തില്‍ തടസ്സപ്പെട്ടത്. ഈമാസം അഞ്ചിനാണ് കര്‍ഷകരുടെ എല്ലാ വായ്പക്കും മന്ത്രിസഭാ യോഗം മൊറട്ടോറിയം പ്രഖ്യാപിച്ച ത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നത് 10നും. ഇതിനിടയില്‍ അഞ്ചുദിവസം ഉണ്ടായിരുന്നിട്ടുപോലും മന്ത്രിസഭാ തീരുമാനത്തിന്റെ ഉത്തരവിറങ്ങിയില്ല. തീരുമാനത്തിന്റെ ഫയല്‍ സ്‌ക്രീനിങ് കമ്മിറ്റിയുടെ മുന്നിലെത്തിയതാവട്ടെ ഇന്നലെയാണ്. പെരുമാറ്റ ചട്ടലംഘനം ചൂണ്ടിക്കാട്ടി സ്‌ക്രീനിങ് കമ്മിറ്റി ഫയല്‍ മടക്കി. ഇനി ഉത്തരവിറങ്ങണമെങ്കില്‍ തിരഞ്ഞെടുപ്പ് കഴിയണം.

അതിനിടെ, ഉത്തരവിറക്കാന്‍ വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് കൃഷിമന്ത്രി വി എസ് സുനില്‍കുമാറും രംഗത്തെത്തി. ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ വായ്പകളിന്‍മേല്‍ ബാങ്കുകള്‍ക്ക് ജപ്തി നടപടികളുമായി മുന്നോട്ടുപോവാനും കഴിയും. 

Tags: