നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ

Update: 2025-06-21 10:45 GMT
നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകും; അഞ്ചു ദിവസം വ്യാപക മഴ

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായി സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം വീണ്ടും ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 22 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലായാണ് ന്യൂനമര്‍ദ്ദം സ്ഥിതിചെയ്യുന്നത്. വടക്ക് കിഴക്കന്‍ രാജസ്ഥാനു മുകളില്‍ ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ജാ?ഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട്:

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

25/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്

24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് (ശനിയാഴ്ച) മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.



Similar News