മോണ്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസ്; കെ സുധാകരന്‍ കൂട്ടുപ്രതി; ഗൂഢാലോചനക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു

Update: 2024-03-05 06:26 GMT
കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ പ്രതിയായ തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ രണ്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം എസിജെഎം കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്. ആദ്യഘട്ട കുറ്റപത്രമാണ് കോടതിയില്‍ നല്‍കിയത്.

വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് സുധാകരനെതിരെ ചുമത്തിയത്. മോണ്‍സന് ഒപ്പം സാമ്പത്തിക തട്ടിപ്പിന് സുധാകരന്‍ കൂട്ടുനിന്നു. മോണ്‍സണ്‍ വ്യാജ ഡോക്ടര്‍ ആണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം സുധാകരന്‍ മറച്ചു വെച്ചുവെന്നും കുറ്റപത്രത്തില്‍ ആരോപിക്കുന്നു.മോണ്‍സന്റെ മാവുങ്കലിന്റെ വീട്ടില്‍ കോടിക്കണക്കിന് രൂപയുടെ വ്യാജ പുരാവസ്തുശേഖരം ഉണ്ടായിരുന്നു. ഇത് ശരിയായ പുരാവസ്തുക്കളാണെന്ന പ്രചാരണത്തിന്, അല്ല എന്നറിയാമായിരുന്നിട്ടും സുധാകരന്‍ കൂട്ടുനിന്നുവെന്നും കുറ്റപത്രം പറയുന്നു. കേസില്‍ ക്രൈംബ്രാഞ്ച് നേരത്തെ സുധാകരനെ ചോദ്യം ചെയ്തിരുന്നു. കേസില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് എബിന്‍ എബ്രഹാം ആണ് മൂന്നാം പ്രതി.


Tags: