കള്ളപ്പണം വെളുപ്പിക്കല്‍: ശിവശങ്കര്‍ റിമാന്‍ഡില്‍
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറെ റിമാന്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിനു ശേഷം ഈ മാസം 17 നു വിധിപറയാനായി മാറ്റി
കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഈമാസം 26 വരെ റിമാന്റ് ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിവശങ്കറെ റിമാന്റ് ചെയ്ത് കാക്കനാട് ജില്ലാ ജയിലിലേക്ക് അയച്ചത്. ശിവശങ്കര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ മണിക്കൂറുകള്‍ നീണ്ട വാദത്തിനു ശേഷം ഈ മാസം 17 നു വിധിപറയാനായി മാറ്റി.എന്‍ഫോഴ്്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരം ഇന്നലെ ഒരു ദിവസം കൂടി കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയിരുന്നു. തുടര്‍ന്ന് ഇന്ന് വീണ്ടും ഹാജരാക്കിയതിനെ തുടര്‍ന്നാണ് കോടതി ശിവശങ്കറിനെ റിമാന്റു ചെയ്തത്.തിരുവനന്തപുരം എസ്ബിഐ ശാഖയുടെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ഒരു കോടി രൂപ ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലഭിച്ച തുകയാണെന്നു അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി ഇഡി കോടതിയില്‍ ബോധിപ്പിച്ചു.
സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ടു അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നു ആരോപിച്ചു രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇഡി പുതിയ വാദം ഉന്നയിച്ചത്. കേസിലെ മറ്റു പ്രതികള്‍ക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉന്നയിക്കാത്ത പുതിയ വാദമാണ് ഇ.ഡി ഉന്നയിക്കുന്നതെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ള കോടതിയില്‍ ബോധിപ്പിച്ചു. എട്ടു തവണ സ്വപനയുടെ മൊഴിയെടുത്തപ്പോഴും ശിവശങ്കറിനു ബന്ധമുള്ളതായി പറഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസമെടുത്ത മൊഴിയില്‍ സ്വര്‍ണക്കടത്തുമായും ലൈഫ് മിഷന്‍ പദ്ധതിയുമായി സ്വപനയ്ക്കു കൈക്കൂലി കിട്ടിയതുകയുമാണ് ലോക്കറില്‍ സൂക്ഷിച്ചതെന്നു മൊഴിയുണ്ടാക്കി പുതിയ വാദമുന്നയിക്കുകയാണെന്നു ശിവശങ്കറിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു.അനധികൃത വരുമാനം ലോക്കറില്‍ സൂക്ഷിക്കാന്‍ ശിവശങ്കറാണ് നിര്‍ദേശിച്ചതെന്നത് സ്വപ്‌നയുടെ മൊഴി മാത്രമാണ്.
കള്ളക്കടത്തിന് ഗൂഡാലോചന തുടങ്ങുന്നത് 2019 ജൂണില്‍ മാത്രമാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ ലോക്കര്‍ തുറന്നത് 2018 ആഗസ്റ്റിലാണെന്നും കുറ്റകൃത്യവുമായോ പണവുമായോ ശിവശങ്കറിന് ഒരു ബന്ധവുമില്ലെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇ.ഡി യുടെ ലക്ഷ്യം മുഖ്യമന്ത്രിയുടെ ഓഫിസാണെന്നും ശിവശങ്കറിന്റെ അഭിഭാഷകന്‍ വാദിച്ചു. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ ഏത് ഉദ്യോഗസ്ഥനെയാണ് വിളിച്ചതെന്ന് ഇ.ഡി വ്യക്തമാക്കിയിട്ടില്ലെന്നും അഭിഭാഷകന്‍ ബോധിപ്പിച്ചു. ഇ.ഡി കോടതിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ ശിവശങ്കറിനെതിരെ വ്യക്തമായ തെളിവുണ്ടെന്നായിരുന്നു ഇഡിയുടെ വാദം.കള്ളകടത്തിലൂടെയുള്ള വരുമാനമെന്ന അറിവോടെയാണ് ശിവശങ്കര്‍ സഹായിച്ചത്. കള്ളക്കടത്തിലെ പണം ഒളിപ്പിക്കാന്‍ അറിഞ്ഞുകൊണ്ട് ശ്രമിക്കുന്നത് കുറ്റകരമാണ്. എം ശിവശങ്കറിന് എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടായിരുന്നുവെന്നൂം ഇ ഡി കോടതിയില്‍ ചൂണ്ടിക്കാട്ടി.ഇരു വിഭാഗത്തിന്റെയും വാദം കേട്ടതിനു ശേഷം ഹരജി 17 നു വിധി പറയാനായി കോടതി മാറ്റി.
റിമാന്റു ചെയ്ത ശിവശങ്കറെ തടവുകാരെ പാര്‍പ്പിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലേക്ക് മാറ്റി. കാക്കനാട് ജില്ലാ ജയിലിന് സമീപമുള്ള ബോര്‍സ്റ്റല്‍ സ്‌കൂളാണ് നിലവില്‍ ജയില്‍ വകുപ്പിന്റെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായി പ്രവര്‍ത്തിക്കുന്നത്. എറണാകുളം ജില്ലാ കോടതിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റിന്റെ വാഹനത്തിലാണ് ശിവശങ്കറെ കാക്കനാട്ടേക്ക് കൊണ്ടു പോയത്. കൊവിഡ് പരിശോധനയ്ക്കായി നേരത്തേ തന്നെ ശിവശങ്കറിന്റെ സാംപിള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം വന്നതിനു ശേഷമേ അദ്ദേഹത്തെ ജയിലിലേക്ക് മാറ്റുന്നതു പരിഗണിക്കുകയുള്ളു.

