പരസ്യമായി ആക്ഷേപിച്ചെന്ന്; ഖാദിബോര്‍ഡിനെതിരേ മോഹന്‍ലാലിന്റെ വക്കീല്‍നോട്ടീസ്

പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുചടങ്ങില്‍ പരസ്യമായി ആക്ഷേപിച്ചുവെന്ന് ലാല്‍ നോട്ടിസില്‍ പറയുന്നു. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം.

Update: 2019-02-14 10:47 GMT

തിരുവനന്തപുരം: സിനിമാതാരം മോഹന്‍ലാല്‍ സംസ്ഥാന ഖാദി ബോര്‍ഡിനെതിരെ വക്കീല്‍ നോട്ടീസ് അയച്ചു. 50 കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ഇതിനെതിരെ മോഹന്‍ലാലിനും സ്ഥാപനത്തിനും ഖാദി ബോര്‍ഡ് വക്കീല്‍ നോട്ടീസയച്ചു. തുടര്‍ന്ന് സ്ഥാപനം പരസ്യം പിന്‍വലിച്ചു.

സംഭവം നടന്ന് ഏറെക്കാലത്തിനു ശേഷമാണ് നടന്‍ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിനെതിരെ പൊതുജനമധ്യത്തില്‍ തന്നെ പരസ്യമായി ആക്ഷേപിച്ചുവെന്ന് ലാല്‍ നോട്ടിസില്‍ പറയുന്നു. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്യണം. അല്ലെങ്കില്‍ 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വക്കീല്‍ നോട്ടീസ് ലഭിച്ചതായി ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ശോഭന ജോര്‍ജ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അതേസമയം, വക്കീല്‍ നോട്ടീസിനെ നിയമപരമായി നേരിടുമെന്ന് ശോഭനാ ജോര്‍ജ് അറിയിച്ചു. 50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന് വക്കീല്‍ നോട്ടീസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണ് നോട്ടീസ് അയച്ചതെന്നും അവര്‍ പറഞ്ഞു. 

Tags:    

Similar News