മോഹന്‍ ഭാഗവത് കേരളത്തിലേക്ക്; ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തും

ഡിസംബര്‍ 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും.

Update: 2020-12-24 12:23 GMT

തിരുവനന്തപുരം: ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഈ മാസം 29 ന് കേരളത്തിലെത്തും. ആര്‍എസ്എസിന്റെ പ്രസിദ്ധീകരണമായ കേസരിയുടെ നേതൃത്വത്തില്‍ കോഴിക്കോട് തുടങ്ങുന്ന മാധ്യമ പഠന ഗവേഷണ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനാണ് മോഹന്‍ ഭാഗവത് എത്തുന്നത്.

ഡിസംബര്‍ 31 ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് വെച്ചായിരിക്കും കൂടിക്കാഴ്ച. തിരുവനന്തപുരത്ത് ഡിസംബർ 30ന് നടക്കുന്ന ആര്‍എസ്എസ് യോഗങ്ങളിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. 41 പേരാണ് ഈ പരിപാടിയ്ക്കുള്ളത്. 31ന് രാത്രിയില്‍ നാഗ്പൂരിലേക്ക് മടങ്ങും.

നേരത്തെ കാര്‍ഷിക നിയമത്തിനെതിരേ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാരിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് മേധാവി ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നതെന്നും ശ്രദ്ധേയമാണ്. ​ഗവർണറുടെ നടപടിയിൽ വ്യാപക പ്രതിഷേധമാണ് കേരളത്തിലുടനീളം നടന്നത്.