മൊഫിയയുടെ മരണം: ഭർത്താവ് സുഹൈൽ ഒന്നാം പ്രതി, കുറ്റപത്രം സമർപ്പിച്ചു

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി 21കാരിയായ മോഫിയ പര്‍വീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയിരുന്നു മരണം.

Update: 2022-01-18 16:55 GMT

കൊച്ചി: ആലുവയിൽ ഗാര്‍ഹികപീഡന പരാതി നല്‍കിയ എൽഎൽബി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ആലുവ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ ഉദ്യോസ്ഥനായ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി രാജീവ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്.

മരിച്ച മോഫിയയുടെ ഭർത്താവ് സുഹൈലിനെയും സുഹൈലിന്റെ മാതാപിതാക്കളെയും പ്രതിചേർത്താണ് കുറ്റ പത്രം സമർപിച്ചത്. സുഹൈലാണ് ഒന്നാം പ്രതി. സുഹൈലിന്റെ മാതാപിതാക്കളെ രണ്ടും മൂന്നും പ്രതികളായും കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നവംബര്‍ 23നാണ് എടയപ്പുറം സ്വദേശി 21കാരിയായ മോഫിയ പര്‍വീണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃവീട്ടുകാര്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയതിന് പിന്നാലെയിരുന്നു മരണം.

നവംബര്‍ 25നാണു കേസ് അന്വേഷണം എറണാകുളം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ചിനു വിട്ടത്. സുഹൈലിനും മാതാപിതാക്കൾക്കുമെതിരേ സ്ത്രീധനപീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും പോലിസ് കേസെടുത്തിരുന്നു.

മോഫിയ ഭര്‍ത്താവിന്റെ വീട്ടില്‍ ക്രൂരമായ പീഡനം നേരിട്ടുവെന്നാണ് സുഹൈലിനെയും മാതാപിതാക്കളയും നേരത്തെ റിമാൻഡ് ചെയ്തപ്പോൾ പോലിസ് റിമാൻഡ് റിപോർട്ടിൽ രേഖപ്പെടുത്തിയിരുന്നു. ഭർത്താവും മാതാപിതാക്കളും അടിമയെപ്പോലെ ജോലി ചെയ്യിപ്പിച്ചു, ഭർതൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചു, സുഹൈൽ ലൈംഗിക വൈകൃതത്തിന് അടിമയാണെന്നും റിപോര്‍ട്ടില്‍ പറയുന്നു. പലതവണ ശരീരത്തിൽ മുറിവേൽപ്പിക്കുകയും മോഫിയയെ മാനസിക രോഗിയെപോലെ കാണുകയും ചെയ്തെന്നും റിമാന്‍ഡ് റിപോര്‍ട്ടിൽ വ്യക്തമാക്കിയിരുന്നു.

Similar News