പെരിന്തല്‍മണ്ണയില്‍ ആധുനിക ഇന്റോര്‍ മാര്‍ക്കറ്റിന് ശിലയിട്ടു

Update: 2019-02-19 17:06 GMT

പെരിന്തല്‍മണ്ണ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മാതൃകയായാണ് പെരിന്തല്‍മണ്ണ നഗരസഭ പ്രവര്‍ത്തിക്കുന്നതെന്നും 500 കോടി രൂപയുടെ വിസ്മയിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തദ്ദേശ സ്ഥാപനം നേതൃത്വം നല്‍കുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷണന്‍ പറഞ്ഞു. പെരിന്തല്‍മണ്ണ നഗരസഭയുടെ രജതജൂബിലി പദ്ധതിയില്‍ ഉള്‍പ്പെട്ട ആധുനിക ഇന്‍ഡോര്‍ മാര്‍ക്കറ്റിന് ശിലയിട്ടു കൊണ്ട് ഡെയ്‌ലി മാര്‍ക്കറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സ്പീക്കര്‍. നഗരസഭയുടെ ഉടമസ്തയിലുള്ള ഡെയ്‌ലി മാര്‍ക്കറ്റ് നിലനില്‍ക്കുന്ന 2.73 ഏക്കര്‍ സ്ഥലത്താണ് കാലോചിതമായ രൂപകല്‍പ്പനയോടെയും സൗകര്യങ്ങളോടെയും സജ്ജീകരിച്ച ഇന്‍ഡോര്‍ മാര്‍ക്കറ്റ് യാഥാര്‍ത്ഥ്യമാവുന്നത്. 40 കോടി രൂപ ചിലവുവരുന്ന പദ്ധതിയുടെ ഭരണസാങ്കേതിക നടപടികള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനത്തിനാണ് ഇതോടെ തുടക്കം കുറിക്കുന്നത്. കാലപ്പഴക്കം കൊണ്ടും അസൗകര്യങ്ങള്‍ കൊണ്ടും വീര്‍പ്പുമുട്ടുന്ന മാര്‍ക്കറ്റ് പുതുക്കി പണിയണം എന്ന് വ്യാപാരികളുടെയും തൊട്ടടുത്തുള്ള സ്‌കൂള്‍, പള്ളി അധികൃതരുടെയും നാട്ടുകാരുടെയും ദീര്‍ഘകാലത്തെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമാവുന്നത്. ആധുനിക മാര്‍ക്കറ്റിന്റെ രൂപരേഖ തയ്യാറാക്കിയ എയുഎസ് കണ്‍സോഷ്യത്തിന്റെ ജനറല്‍ മാനേജര്‍ കെഎസ് ബിനോദിന് നഗരസഭയുടെ സ്‌നേഹാദരം നിയമസഭാ സ്പീക്കര്‍ ചടങ്ങില്‍ വച്ച് കൈമാറി. കരാര്‍ കാലാവധിയായ ഒന്നര വര്‍ഷത്തിന് മുമ്പ് തന്നെ നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുമെന്ന് നിര്‍മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാകറ്റ് സൊസൈറ്റിയുടെ ജനറല്‍ മാനേജര്‍ ടിപി രാജീവന്‍ ചടങ്ങില്‍ അറിയിച്ചു. നഗരസഭാ ചെയര്‍മാന്‍ എംമുഹമ്മദ് സലിം ആമുഖ പ്രഭാഷണം നടത്തി. മഞ്ഞളാംകുഴി അലി എംഎല്‍എ അധ്യക്ഷനായി. നിഷി അനില്‍ രാജ്, കെസി മൊയ്തീന്‍ കുട്ടി, പിടി ശോഭന, പത്തത്ത് ആരിഫ്, കിഴിശേരി മുസ്തഫ, എ രതി, വി രമേശന്‍, എംഎം സക്കീര്‍ ഹുസൈന്‍, എസ് അബ്ദുള്‍ സജീം, എന്‍ പ്രസന്നകുമാര്‍, എം കെ ശ്രീധരന്‍, എം ശങ്കരന്‍ കുട്ടി, ചമയം ബാപ്പു, കെ സുബ്രഹ്മണ്യന്‍ സംസാരിച്ചു. 

Similar News