വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകം; ബന്ധുക്കളുടെ ആവശ്യം അംഗീകരിച്ചു, 10 ലക്ഷം രൂപ നഷ്ടപരിഹാരം; മൃതദേഹം സര്‍ക്കാര്‍ ചെലവില്‍ ഛത്തീസ്ഗഡില്‍ എത്തിക്കും

Update: 2025-12-22 07:21 GMT

പാലക്കാട്: വാളയാറിലെ ആള്‍ക്കൂട്ട കൊലപാതകത്തില്‍ കൊല്ലപ്പെട്ട രാമനാരായണന്റെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ച വിജയകരം. മന്ത്രി കെ രാജനും ജില്ലാ ഭരണകൂടവും ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ആവശ്യം അംഗീകരിച്ചത്. 10 ലക്ഷം രൂപയില്‍ കുറയാത്ത തുക നഷ്ടപരിഹാരം നല്‍കാമെന്നു മന്ത്രി രാജന്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി. മൃതദേഹം എംബാം ചെയ്ത ശേഷം ഛത്തീസ്ഗഡിലേക്ക് സര്‍ക്കാര്‍ ചെലവില്‍ എത്തിക്കും. രാമനാരായണന്റെ ബന്ധുക്കളെയും വിമാനമാര്‍ഗം നാട്ടിലെത്തിക്കും. കേസില്‍ ആള്‍ക്കൂട്ട കൊലപാതകം, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ ഉള്‍പ്പെടുത്താമെന്നും ഉറപ്പ് നല്‍കിയിട്ടുണ്ട്.

തൃശൂര്‍ മെഡിക്കല്‍ കോളജിനു മുന്നില്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചെങ്കിലും കുടുംബം മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇതോടെയാണു സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. അനുകൂലമായ തീരുമാനം ഉണ്ടായാല്‍ മാത്രമേ മൃതദേഹം ഏറ്റെടുക്കുകയുള്ളൂ എന്ന് ബന്ധുക്കള്‍ നിലപാടെടുത്തിരുന്നു. ഇതോടെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുകയായിരുന്നു. ചര്‍ച്ചയില്‍ മന്ത്രി കെ രാജന്‍, തൃശൂര്‍ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, മരിച്ച രാമനാരായണന്റെ ഭാര്യ ലളിത, കുട്ടികള്‍, ബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികള്‍ രാമനാരായണിനെ ക്രൂരമായി മര്‍ദിച്ചുവെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിക്കുകയും രാമനാരായണന്റെ മുതുകിലും മുഖത്തും ചവിട്ടിയെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.