ആള്‍കൂട്ട ആക്രമണങ്ങളും മസ്ജിദുകളെ അനാദരിക്കലും വേദനാജനകമായ സംഭവങ്ങള്‍: മൗലാനാ സയ്യിദ് അര്‍ഷദ് മദനി

Update: 2021-06-23 04:07 GMT

ഓച്ചിറ: അടുത്ത നാളുകളില്‍ ഹരിയാനയിലെ മേവാത്തിലും ഡല്‍ഹിക്കടുത്ത ഗാസിയാബാദിലെ ധോണിയിലും രാജ്യത്തിന്റെ മറ്റു ചില ഭാഗങ്ങളിലും അരങ്ങേറിയ ആള്‍ക്കൂട്ട അക്രമങ്ങളും മസ്ജിദുകളെ അനാദരിക്കലും അങ്ങേയറ്റം വേദനാജനകമായ സംഭവങ്ങളാണെന്ന് ജംഇയ്യത്ത് ഉലമാ എ ഹിന്ദ് ദേശീയ അധ്യക്ഷന്‍ മൗലാനാ സയ്യിദ് അര്‍ഷദ് മദനി. മത വിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും പേരില്‍ പൊതുജനങ്ങളെ വിഭജിക്കുന്ന അപകടകരമായ കളി രാജ്യത്തിന് അത്യന്ത്യം അപകടകരമാണ്. മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യം പുരോഗതി പ്രാപിക്കുകയല്ല അപകടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

മതത്തിന്റെ പേരില്‍ നടത്തപ്പെടുന്ന ഇത്തരം കളികള്‍ അങ്ങേയറ്റം നാശകരമാണ്. ഇതിലൂടെ സാമൂഹിക വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അവസ്ഥകള്‍ കൂടുതല്‍ ആഴത്തിലാവുമെന്ന് അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ മുന്നറിയിപ്പ് നല്‍കി. രാജ്യം മുഴുവന്‍ വീണ്ടും ഒരിക്കല്‍കൂടി ഭയാശങ്കകളുടെ അന്തരീക്ഷത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. ഏതാനും നാളുകള്‍ക്ക് മുമ്പ് കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് അടിച്ചുവീശിയപ്പോള്‍ ജനങ്ങള്‍ മതത്തെക്കാള്‍ ഉയര്‍ന്നുനിന്ന് ജാതിമത വ്യത്യാസമില്ലാതെ പരസ്പരം സഹായിക്കുകയുണ്ടായി. ഹിന്ദു, മുസ്‌ലിം, സിഖ്, ക്രൈസ്തവര്‍ എല്ലാവരും ഒത്തൊരുമിച്ച് ദുഃഖിക്കുന്നവരെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു.

അധികാരികളും രാഷ്ട്രീയക്കാരും ചെയ്യാത്ത കാര്യങ്ങള്‍ കൊറോണയുടെ കാരണത്താല്‍ ജനങ്ങള്‍ ചെയ്യുന്ന മനോഹരമായ ദൃശ്യങ്ങളാണ് കാണപ്പെട്ടത്. കൊറോണ ഇന്ത്യക്കാരെ മുഴുവനും ഒന്നാക്കിയതായും വെറുപ്പിന്റെ മതിലുകളെ തകര്‍ത്തതായും പത്രമാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ഇതിലൂടെ സമാധാനകാംക്ഷികളായ പൗരന്‍മാരെല്ലാവരും ആശ്വാസത്തിന്റെ നെടുവീര്‍പ്പുകളിടുകയുണ്ടായി. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്ത് തുടങ്ങിയപ്പോള്‍ ഒരിക്കല്‍കൂടി വെറുപ്പിന്റെ കളി ചിലര്‍ ആരംഭിച്ചിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക വിഭാഗമാളുകള്‍ പോലിസിന്റെ തണലില്‍ പൗരാണിക മസ്ജിദുകളെയും സാധുക്കളായ മുസ്‌ലിം വൃദ്ധന്‍മാരെ പോലും അക്രമിക്കുന്ന രംഗങ്ങള്‍ വളരെയധികം വേദനാജനകമാണ്.

ഇതില്‍നിന്നും വലിയൊരു സത്യം ജനങ്ങള്‍ മനസ്സിലാക്കേണ്ടതായിട്ടുണ്ട്. അതായത് ഏതെങ്കിലും തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോള്‍ പെട്ടെന്ന് തന്നെ ഒരു പ്രത്യേകവിഭാഗം മതവിദ്വേഷം പ്രചരിപ്പിക്കുന്നതില്‍ മുഴുകുന്നതാണ്. വര്‍ഗീയതയുടെ വൃത്തികെട്ട വഴിയിലൂടെ അധികാരത്തിലേക്ക് ചിലര്‍ക്ക് കയറാനുള്ള ഒരവസരമായിട്ടാണ് ഇതിനെ ഉപയോഗിക്കപ്പെടുന്നത്. ഇവരുടെ അടുക്കല്‍ രാജ്യത്തിന്റെ ഭരണഘടനക്കോ മാനവബന്ധങ്ങള്‍ക്കോ യാതൊരു സ്ഥാനവുമില്ല. ഇനിയും നമ്മുടെ മനസ്സാക്ഷി ഉണരാതിരിക്കയും മതവിദ്വേഷത്തിന്റെയും വര്‍ഗീയതയുടെയും കളികള്‍ തുടരാന്‍ അനുവദിക്കുകയും ചെയ്യുകയാണങ്കില്‍ അതിനെക്കുറിച്ച് രാജ്യത്തിന്റെ ഭാഗ്യക്കേടെന്നല്ലാതെ മറ്റൊന്നും പറയാനില്ല. മതവിദ്വേഷവും വര്‍ഗീയതയും കളിക്കുന്നതിനെക്കാളും വേദനാജനകം ഇത്തരം ആളുകളെ പിടികൂടാന്‍ ബന്ധപ്പെട്ടവര്‍ മുന്നോട്ടുവരുന്നില്ല എന്നുള്ളതാണ്.

ചിലര്‍ ടിവി ചാനലുകളില്‍ മാത്രം കയറിയിരുന്ന് പ്രതിരോധത്തെക്കുറിച്ച് പറയുകയാണ്. അക്രമകാരികള്‍ക്ക് രാഷ്ട്രീയ പിന്തുണയില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കുന്നതല്ല. രാഷ്ട്രീയ പിന്തുണയുടെ പേരില്‍ തന്നെയായിരിക്കാം പോലിസുകാരും അവര്‍ക്ക് മുന്നില്‍ ഒന്നും മിണ്ടാതെ നില്‍ക്കുന്നത്. ഇക്കാരണത്താല്‍ ആള്‍ക്കൂട്ട അക്രമങ്ങള്‍ നടത്തുന്നവര്‍ യാതൊരു ഭയവുമില്ലാതെ അവരുടെ പരിപാടികള്‍ കാട്ടിക്കൂട്ടി ക്കൊണ്ടിരിക്കുന്നു. മറുഭാഗത്ത് ഡല്‍ഹി കലാപത്തില്‍ കൂടുതല്‍ കൊല്ലപ്പെട്ടത് നൂനപക്ഷ സമുദായമാണ്. ഇവരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു.

വീടുകള്‍ കത്തിക്കപ്പെട്ടു. ആരാധനാലയങള്‍ പോലും അനാദരിക്കപ്പെട്ടു. പക്ഷേ, അവരുടെ മേല്‍ തന്നെ 21 ല്‍പരം വകുപ്പുകള്‍ ചുമത്തി കേസെടുക്കുകയുണ്ടായി. നീതിയുടെ ഈ ഇരട്ടമുഖം രാജ്യത്തിന് അങ്ങേയറ്റം അപകടകരമാണെന്ന് ഓര്‍ക്കുക. അക്രമകാരികളെ കൊള്ളയ്ക്കും കൊലക്കും ഇപ്രകാരം അഴിച്ച് വിടുകയാണെങ്കില്‍ ഭൂരിപക്ഷ സമുദായത്തിലെ മാന്യന്‍മാരെയും ഇവര്‍ കടന്നാക്രമിക്കുന്നതാണെന്ന് എല്ലാവരും ഓര്‍ക്കേണ്ടതായിട്ടുണ്ട്. അങ്ങേയറ്റം നിന്ദ്യമായ ഈ അക്രമങ്ങളെ ഒതുക്കിനിര്‍ത്തണം. കഴിഞ്ഞ ഏതാനും വര്‍ഷമായി നടന്നുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഭയാനക ഫലങ്ങള്‍ രാജ്യത്ത് ഇന്ന് പ്രകടമായിക്കൊണ്ടിരിക്കുന്നു. എന്നിട്ടും അധികാരികളുടെ കണ്ണുകള്‍ തുറക്കുന്നില്ലെങ്കില്‍ രാജ്യം കൂടുതല്‍ അപകടത്തിലേക്ക് പോവുമെന്ന് എല്ലാവരും മനസ്സിലാക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Tags: