കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞപ്പോള്‍ എംഎല്‍എമാര്‍ക്ക് വിലയേറി; പോക്ക് ചാണകക്കുഴിയിലേക്ക്: മന്ത്രി മണി

ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സ്' എന്ന് പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമായവരെ ബിജെപിയിലേക്കയച്ച് അവരേയും തകര്‍ക്കാനുള്ള തന്ത്രമാണിത് എന്ന ന്യായം പറയുമോ?

Update: 2019-07-12 06:29 GMT

തിരുവനന്തപുരം: കര്‍ണാടകയിലും ഗോവയിലും കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ കൂറുമാറിയതിനെ പരിഹസിച്ച് വൈദ്യുതി മന്ത്രി എം എം മണി. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വിലയിടിഞ്ഞെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് വിലയേറിയിട്ടുണ്ടെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഫേസ്ബുക്ക് പേജിലായിരുന്നു മന്ത്രി കോണ്‍ഗ്രസിനെ പരിഹസിച്ച വരികള്‍ കുറിച്ചത്. കൂടാതെ കോണ്‍ഗ്രസിന്റെ പോക്ക് ചാണക കുഴിയിലേക്കാണെന്നും മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നുണ്ട്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കര്‍ണ്ണാടകയ്ക്ക് പിന്നാലെ ഗോവയിലും പണത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട കോണ്‍ഗ്രസ്സ് ചാണകക്കുഴിയിലേക്കുള്ള പോക്കിലാണല്ലോ ! കുതിരക്കച്ചവടത്തില്‍ ഡോക്ടറേറ്റ് എടുത്ത ബിജെപി നേതൃത്വം 'രാഷ്ട്രീയ മാന്യത' എന്ന വാക്ക് തന്നെ ഇല്ലാതാക്കിയിരിക്കുന്നു. അവരെപ്പറ്റി പറഞ്ഞിട്ട് കാര്യമില്ലല്ലോ.

'ബിജെപിയെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്സ്' എന്ന് പറഞ്ഞുനടന്നവര്‍ ഇപ്പോള്‍ എന്ത് പറയുന്നു? കോണ്‍ഗ്രസിന്റെ തകര്‍ച്ചക്ക് കാരണമായവരെ ബിജെപിയിലേക്കയച്ച് അവരേയും തകര്‍ക്കാനുള്ള തന്ത്രമാണിത് എന്ന ന്യായം പറയുമോ?

അതോ കോണ്‍ഗ്രസ് തന്നെ പിരിച്ചുവിട്ട് പരിവാറില്‍ ലയിക്കാനുള്ള തന്ത്രമോ?ഏതായാലും ഈ പകര്‍ച്ചപ്പനി കേരളത്തിലെ കോണ്‍ഗ്രസ്സിലേക്കും വ്യാപിക്കാതെ നോക്കണം. അതാണ്, അത് മാത്രമാണ്....... കോണ്‍ഗ്രസ് സുഹൃത്തുക്കളോട് അപേക്ഷിക്കാനുള്ളത്.

കര്‍ണാടകയില്‍ കോണ്‍ഗ്രസിനെ വെട്ടിലാക്കി 16 ഭരണകക്ഷി എംഎല്‍എമാരാണ് രാജിവെച്ചത്. ഇതില്‍ മൂന്നു പേരൊഴികെയുള്ളവര്‍ കോണ്‍ഗ്രസ് എംഎല്‍എമാരാണ്. എംഎല്‍എമാരുടെ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ വിസമ്മതിച്ചെങ്കിലും സഭയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്നും സര്‍ക്കാരുണ്ടാക്കാന്‍ അനുവദിക്കമമെന്നുമുള്ള ആവശ്യവുമായി ബിജെപി നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. വിമതരുടെ രാജിയില്‍ ഇന്ന് തീരുമാനമെടുക്കണമെന്ന് സ്പീക്കറോട് സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അനിശ്ചിതാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജിവെച്ചേക്കുമെന്നും സൂചനയുണ്ട്.

അതിനിടെ, ഗോവയില്‍ 10 കോണ്‍ഗ്രസ് എംഎല്‍എമാരാണ് കൂറുമാറി ബിജെപിയില്‍ ചേര്‍ന്നത്. ഇവര്‍ ഇന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും.

Tags:    

Similar News