കാണാതായ യുവതിയെയും കുഞ്ഞിനെയും ആറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ രണ്ടു വയസുകാരി ദക്ഷ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്.
കോട്ടയം: ഭര്‍ത്താവുമായി പിണങ്ങി വീടുവിട്ട യുവതിയെയും കുഞ്ഞിനെയും മൂവാറ്റുപുഴയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തലയോലപ്പറമ്പ് പൊട്ടന്‍ചിറയില്‍ തുണ്ടത്തില്‍ അഭിജിത്തിന്റെ ഭാര്യ ദീപ (30), മകള്‍ രണ്ടു വയസുകാരി ദക്ഷ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് ദീപ ആറ്റില്‍ച്ചാടുകയായിരുന്നു. പൊട്ടന്‍ചിറയിലെ ഭര്‍തൃവീട്ടില്‍നിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ മുതലാണ് ദീപയെയും കുഞ്ഞിനെയും കാണാതായത്.
ആഭരണങ്ങളും മൊബൈല്‍ ഫോണും വീട്ടില്‍ വച്ചാണ് ദീപ വീടുവിട്ടിറങ്ങിയത്. ഇരുവരെയും കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതിയും നല്‍കിയിരുന്നു. പോലിസും അഗ്‌നിശമനസേനയും നടത്തിയ തിരച്ചിലില്‍ മൂവാറ്റുപുഴയാറില്‍ വടയാര്‍ ദേവിക്ഷേത്രത്തിന് സമീപത്തുനിന്ന് ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിദേശത്ത് നഴ്‌സായിരുന്നു ദീപ. ഭര്‍ത്താവ് തൃശൂര്‍ എആര്‍ ക്യാംപിലെ പോലിസുകാരനാണ്. ഭര്‍ത്താവ് മൊബൈലില്‍ ചാറ്റ് ചെയ്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ നിരന്തരം വഴക്കുണ്ടായിരുന്നുവെന്നാണ് പോലിസ് പറയുന്നത്.