കണ്ണൂര്‍: ചൂട്ടാട് ബീച്ചില്‍ കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മാങ്ങാട് ബിക്കിരിപ്പറമ്പ് കുട്ടിപള്ളീന്റകത്ത് കെ പി സാബിത്തിനെ(13) ഇന്നലെ ഉച്ചയോടെയായിരുന്നു കടലില്‍ കാണാതായത്. കല്യാശേരി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.
മാങ്ങാട് നൂറുല്‍ ഹിദായ ദര്‍സ് മദ്രസ അധ്യാപകന്‍ മുഹമ്മദലിക്കൊപ്പമാണ് രണ്ടു കാറുകളിലായി ഒമ്പത് കുട്ടികളടങ്ങുന്ന ടീം ബീച്ചിലെത്തിയത്. ഇതിനിടെ പെട്ടെന്ന് ഉണ്ടായ ശക്തമായ തിരയില്‍ പെട്ട് സാബിത്തിനെ കാണാതാവുകയായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍, പോലിസ്, അഗ്‌നിരക്ഷാസേന, മറൈന്‍, കോസ്റ്റല്‍ പോലിസ്, നാട്ടുകാര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ മീന്‍പിടുത്ത ബോട്ടുകള്‍ ഉപയോഗിച്ചും വല ഉപയോഗിച്ചും തിരച്ചില്‍ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല. ഇന്ന് രാവിലെയോടെയാണ് ബീച്ചിന് ഒരു കിലോമീറ്റര്‍ മാറി പുതിയങ്ങാടി ഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.