വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി; 11 പേർക്കെതിരേ കേസ്സെടുത്തതായി സൂചന

തോക്കുകളും വെടിയുണ്ടകളും കാണാതായതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാരിനോട് സിഎജി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

Update: 2020-02-13 05:15 GMT

തിരുവനന്തപുരം: എസ്എപി ക്യാമ്പില്‍ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി ക്രൈംബ്രാഞ്ച്. സിഎജി റിപ്പോർട്ടിലെ വിമർശനങ്ങൾക്ക് പിന്നാലെയാണ് അന്വേഷണം വേഗത്തിലാക്കിയത്. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് മേധാവി ടോമിന്‍ ജെ തച്ചങ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

രണ്ട് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. തോക്കുകളും വെടിയുണ്ടകളും കാണാതായതായി പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്ന് അന്വേഷണത്തിന് സര്‍ക്കാരിനോട് സിഎജി ശുപാര്‍ശ ചെയ്തിരുന്നു. തുടര്‍ന്ന് കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരുന്നുവെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയായിരുന്നു.

എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ വിമര്‍ശനങ്ങള്‍ വന്‍ വിവാദമായ സാഹചര്യത്തിലാണ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ക്രൈംബ്രാഞ്ച് നീക്കം. കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതില്‍ ഉണ്ടായ വീഴ്ചയാണ് സിഎജി വിമര്‍ശനത്തിന് വഴിവെച്ചതെന്നാണ് പോലിസ് വിശദീകരണം. കാണാതായെന്ന് പറയുന്ന 25 റൈഫിളും എസ്എപി ക്യാമ്പില്‍ തന്നെയുണ്ട്. സിഎജി ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വന്നപ്പോള്‍ നേരത്തെ സിറ്റി എആര്‍ ക്യാമ്പില്‍ കൊണ്ടുപോയ ഈ റൈഫിളുകള്‍ മടക്കിയെത്തിച്ച രേഖകള്‍ കാണിക്കാന്‍ വിട്ടുപോയതിനാലാണ് അത്തരം പരാമര്‍ശമുണ്ടായെതെന്നാണ് പോലിസ് അധികൃതരുടെ വിശദീകരണം.

എആര്‍ ക്യാമ്പ്, വിവിധ സായുധ ബറ്റാലിയന്‍, റെയില്‍വെ പോലിസ്, വിവിധ വിവിഐപി ഡ്യൂട്ടികള്‍, പോലിസ് ആസ്ഥാനം എന്നിവിടങ്ങളിലേക്ക് കൊണ്ട് പോയ തോക്കുകള്‍ കൈമാറ്റം ചെയ്തപ്പോള്‍ കൃതമായി രേഖപെടുത്തുന്നതില്‍ വന്ന വീഴ്ച്ചയാണ് സിഎജി ചൂണ്ടികാണിച്ചത്. സംഭവത്തില്‍ അന്വേഷണം നടത്തിയ അടൂര്‍ കെഎപി കമാന്‍ഡന്റിന് മുന്‍പാകെ തോക്കുകള്‍ ഉദ്യോഗസ്ഥര്‍ പ്രദര്‍ശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറയുന്നു. എന്നാല്‍ 12000 ലേറെ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈംബ്രാഞ്ച് എസ്പിയുടെ അന്വേഷണം പുരോഗമിക്കുകയാണ്. 11 പോലിസുകാര്‍ക്കെതിരെ കേസെടുത്തതായും ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും ഉന്നത പോലിസ് ഉദ്യോഗസ്ഥർ പറയുന്നു.

Tags: