കാണാതായ വ്യോമസേന വിമാനത്തില്‍ കണ്ണൂര്‍, കൊല്ലം സ്വദേശികളും

തിങ്കളാഴ്ച ഉച്ചയ്ക്കാണ് വ്യോമസേനാവിമാനം ചൈന അതിര്‍ത്തിയില്‍ കാണാതായത്. 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.

Update: 2019-06-08 08:57 GMT

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഉണ്ടായിരുന്നത് രണ്ട് മലയാളികള്‍. കണ്ണൂര്‍ സ്വദേശി എന്‍ കെ ഷരിനും കൊല്ലം സ്വദേശി അനൂപുമാണ് വിമാനത്തിലുണ്ടായിരുന്നത്.

കൊല്ലം അഞ്ചല്‍ ആലഞ്ചേരി കൊച്ചുകോണത്ത് വീട്ടില്‍ ശശിധരന്റെയും വിമലയുടെയും മകന്‍ അനൂപ്കുമാര്‍ വ്യോമസേനയുടെ ജോര്‍ഹത് താവളത്തിലെ സര്‍ജന്റാണ്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് വ്യോമസേനാവിമാനം ചൈന അതിര്‍ത്തിയില്‍ കാണാതായത്. അനൂപ് ഉള്‍പ്പെടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകട വിവരമറിഞ്ഞ് വ്യോമസേനയുടെ നിര്‍ദ്ദേശപ്രകാരം അനൂപിന്റെ സഹോദരന്‍ അസമില്‍ എത്തിയിട്ടുണ്ട്. സേനാവിഭാഗങ്ങള്‍ വിമാനം കണ്ടെത്താന്‍ തിരച്ചില്‍ തുടരുന്നതായി അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.

അനൂപിന്റെ ഭാര്യ വൃന്ദ അസമിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. അനൂപിന്റെ അഞ്ചലിലുള്ള വീട്ടില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണുള്ളത്. വിവരങ്ങള്‍ അന്വേഷിച്ച് ജനപ്രതിനിധികള്‍ ഇവിടെ വന്നുപോകുന്നുണ്ട്.

11 വര്‍ഷം മുമ്പ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്ന സമയത്താണ് അനൂപ് വ്യോമസേനയില്‍ ഉദ്യോഗസ്ഥനായി ചുമതലയേറ്റത്. ഒന്നരമാസം മുന്‍പാണ് അനുപും കുടുംബവും അവസാനം നാട്ടില്‍ എത്തിയത്. ഒരുവര്‍ഷമായി അസമിലാണ് അനൂപ് ജോലി നോക്കുന്നത്. കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസവും ഫലം കണ്ടിട്ടില്ല. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്‌ളൈറ്റ് എഞ്ചിനീയര്‍ അടക്കം പതിമൂന്ന് പേരുടെയും കുടുംബാംഗങ്ങളെ വ്യോമസേന അധികൃതര്‍ വിവരമറിയിച്ചിട്ടുണ്ട്. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുമ്പോഴാണ് വിമാനം കാണാതായത്.

Tags: